പൂനെ: പാകിസ്ഥാനിലെ സാധാരണക്കാരെ പ്രശംസിച്ച് എൻസിപി നേതാവ് ശരത് പവാർ. ഈദ് മിലൻ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ പാകിസ്ഥാൻ സന്ദർശിച്ച സമയത്തെല്ലാം വലിയ സ്വീകരണവും ആതിഥ്യമര്യാദയുമാണ് തനിക്ക് ലഭിച്ചതെന്ന് പവാർ പറഞ്ഞു.
ഭരണകൂടത്തിന്റെയും ബിസിസിഐയുടെയും ഭാഗമായിരുന്ന സമയത്ത് അദ്ദേഹം പാകിസ്ഥാനിൽ സന്ദർശനം നടത്തിയിരുന്നു. കറാച്ചിയിലെ മത്സരത്തിനായി ഇന്ത്യൻ ടീം പാകിസ്ഥാനിലെത്തി സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ, ഭക്ഷണം കഴിച്ച ഹോട്ടലുകാർ പൈസ വാങ്ങിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സച്ചിൻ അടക്കമുള്ള ഇന്ത്യൻ താരങ്ങളെ വളരെ ആരാധനയോടെയാണ് അവർ കാണുന്നതെന്നും പവാർ പറഞ്ഞു.
ഓരോ പാകിസ്ഥാനിയും ഇന്ത്യയെ ഇഷ്ടപ്പെടുന്നുണ്ടെന്നും സാധാരണക്കാർ ഇന്ത്യയുടെ ശത്രുക്കളോ എതിരാളികളോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലുള്ള തങ്ങളുടെ ബന്ധുക്കളെ കാണാൻ പാക് പൗരൻമാർക്ക് ഇങ്ങോട്ട് വരണമെന്ന് ആഗ്രഹമുണ്ടെന്ന് പവാർ വ്യക്തമാക്കി. എന്നാൽ, അതിന് വിലങ്ങുതടിയായി നിൽക്കുന്നത് പാകിസ്ഥാനിലെ തെറ്റായ ഭരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments