ഹൈദരാബാദ്: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ ഓരോ സംസ്ഥാനങ്ങളിലും സ്ഥാനാർത്ഥികൾക്കായുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ഒഴിവ് വരുന്ന 52 സീറ്റുകളിലേക്ക് ജൂണ്‍ 10നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയിലെ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഴിവ് വരുന്ന രണ്ട് സീറ്റുകളിലേക്കും ഒരു സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പുമാണ് നടക്കുന്നത്.
ഈ സാഹചര്യത്തിലാണ്, നടന്‍ പ്രകാശ് രാജും തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അദ്ധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവുവും കൂടിക്കാഴ്ച നടത്തിയത് ചര്‍ച്ചയാവുന്നത്. ഫെബ്രുവരി മാസത്തിലും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു. പ്രകാശ് രാജിനെ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ ടിആര്‍എസ് ആലോചിക്കുന്നതായാണ് വിവരം. എന്നാൽ ടിആർഎസ് ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളിലും വിജയിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ടിആര്‍എസിന് കഴിയും.
ആകെ ഏഴ് രാജ്യസഭ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഈ സീറ്റുകളെല്ലാം ടിആര്‍എസിന്റെ കയ്യിലാണ്. അതേസമയം, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലുങ്കാന, ഉത്തരാഖണ്ഡ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, തുടങ്ങി പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിവുള്ളത് ഉത്തര്‍പ്രദേശിലാണ്.
Post Your Comments