പ്യോങ്ങ്യാങ്: വിചിത്രമായ ഉത്തരവുമായി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് ഉത്തര കൊറിയൻ മേധാവി കിം ജോങ് ഉൻ. ഇറുകിയ ജീൻസ് ധരിക്കാൻ പാടില്ലെന്നും മുടി കളർ ചെയ്യാൻ പാടില്ലെന്നുമാണ് പുതിയ കൊറിയൻ നിയമങ്ങൾ അനുശാസിക്കുന്നത്. ശരീരം തുളച്ച് സ്റ്റഡ് ധരിക്കുന്നതിനും നിരോധനമുണ്ട്. അമേരിക്കൻ മുതലാളിത്ത പ്രവണതയെ സൂചിപ്പിക്കുന്നതിനാലാണ് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തുന്നത്.
രാജ്യത്തെ 20 നും 30 നും ഇടയിലുള്ള ‘ഫ്രീക്ക്’ യുവതികളെയാണ് ഇപ്പോൾ കൊറിയൻ സോഷ്യലിസ്റ്റ് പാട്രിയറ്റ് യൂത്ത് ലീഗ് ലക്ഷ്യമിടുന്നതെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. ശരീരവടിവുകൾ വ്യക്തമാക്കുന്ന ജീൻസുകൾ ഇതിനാലാണ് രാജ്യത്ത് നിരോധിക്കപ്പെട്ടത്.
ഇത്തരം വസ്ത്രങ്ങൾ ധരിച്ച് പിടികൂടപ്പെട്ടവരെയെല്ലാം പാർട്ടി യൂത്ത് ലീഗ് ഓഫീസുകളിൽ കൊണ്ടു പോകും. അവിടെ അവർ കുറ്റം ചെയ്തുവെന്ന് എഴുതി നൽകണം. അതിനു ശേഷം, വേറെയാരെങ്കിലും സ്ഥലത്തെത്തി വിലക്കില്ലാത്ത തരം വസ്ത്രങ്ങൾ ധരിക്കാൻ നൽകിയാൽ നല്ലത്. കാരണം, അത് ധരിച്ചു മാത്രമേ അവർക്ക് വീട്ടിലേക്കു തിരിച്ചു പോകാൻ സാധിക്കൂ.
സാമ്രാജ്യത്വ, മുതലാളിത്ത വ്യവസ്ഥിതിയെ നഖശിഖാന്തം എതിർക്കുന്ന ഉത്തര കൊറിയ, ഇത്തരം വളരെ ചെറിയ സാംസ്കാരിക അധിനിവേശങ്ങളിൽപ്പോലും കടുത്ത ജാഗ്രത പുലർത്തുന്നുണ്ട്. അമേരിക്കൻ ക്യാപ്പിറ്റലിസ്റ്റ് മോഡലുകൾ ധരിക്കുന്നവർ രാജ്യത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.
Post Your Comments