റിയാദ്: വിദേശ രജിസ്ട്രേഷനുള്ള ട്രക്കുകൾ രാജ്യത്തെ ചരക്കുഗതാഗത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന അറിയിപ്പുമായി സൗദി. രാജ്യത്തെ റോഡുകളിൽ ചരക്കുഗതാഗതത്തിനായി വിദേശ രജിസ്ട്രേഷനുള്ള ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
വിദേശ രാജ്യങ്ങളിൽ നിന്ന് സൗദി നഗരങ്ങളിലേക്കും, സൗദി അറേബ്യയിലെ റോഡുകളിലൂടെ മറ്റു രാജ്യങ്ങളിലേക്കും ചരക്കുമായി പോകുന്ന വിദേശ രജിസ്ട്രേഷനുള്ള വാഹനങ്ങൾ ഇതിനായി കൃത്യമായ പെർമിറ്റുകൾ ഉപയോഗിക്കേണ്ടതാണ്. സൗദി അറേബ്യയിലെ നഗരങ്ങൾക്കിടയിൽ ചരക്കുഗതാഗതത്തിനായി ഇത്തരം വിദേശ രജിസ്ട്രേഷനുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരം ഗതാഗതത്തിനുള്ള അനുമതി സൗദി രജിസ്ട്രേഷനുള്ള ചരക്ക് വാഹനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. സൗദി രജിസ്ട്രേഷനുള്ള ചരക്ക് വാഹനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, രാജ്യത്തെ ചരക്കുഗതാഗത മേഖലയിൽ നീതിയുക്തമായ മത്സരം ഉറപ്പാക്കുന്നതിനുമായാണ് ഇത്തരം നടപടികൾ.
Post Your Comments