![](/wp-content/uploads/2022/02/dubai-3.jpg)
ദുബായ്: ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം കൂടുതൽ കെട്ടിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ദുബായ്. 17 ശതമാനത്തിലേറെ ഹോട്ടലുകൾ നിലവിൽ ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് എമിറേറ്റ്‌സ് സെൻട്രൽ കൂളിംഗ് സിസ്റ്റംസ് കോർപ്പറേഷൻ (എംപവർ) സിഇഒ അഹമ്മദ് ബിൻ സഫർ വ്യക്തമാക്കി.
കെട്ടിടത്തെ ശീതീകരിച്ച പൈപ്പുകളുടെ വലയത്തിലാക്കി താപനില കുറയ്ക്കുന്ന സാങ്കേതിക വിദ്യയാണ് ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം. ഒന്നിലേറെ കെട്ടിടങ്ങളെ ഈ സംവിധാനത്തിലൂടെ ബന്ധിപ്പിക്കാം. വൈദ്യുതിയോ പ്രകൃതിവാതകമോ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാം.
താമസ-ഓഫീസ് കെട്ടിടങ്ങളും വ്യവസായ സ്ഥാപനങ്ങളും ഡിസ്ട്രിക്ട് കൂളിംഗിലേക്കു മാറുകയാണ്. പുതിയ ഹോട്ടലുകളും താമസകേന്ദ്രങ്ങളും ഈ ശൃംഖലയുടെ ഭാഗമാണ്. 370 കിലോമീറ്ററിലേറെ പൈപ്പ് ലൈനാണ് നിലവിലുള്ളത്. എല്ലാ വാണിജ്യ-വ്യവസായ, പാർപ്പിട മേഖലകളെയും ഡിസ്ട്രിക്ട് കൂളിംഗ് ശൃംഖലയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ ചെലവിൽ, കാർബൺ മലിനീകരണമുണ്ടാക്കാതെ കെട്ടിടങ്ങൾ ശീതീകരിക്കാനും തണുപ്പുകാലത്ത് ചൂടാക്കാനും കഴിയുന്ന സംവിധാനം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കൂടുതൽ കാര്യക്ഷമമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments