തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. ആറു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
അടുത്ത ദിവസങ്ങളും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മെയ് 12 ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും മെയ് 13 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും മെയ് 14 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലും മെയ് 15 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Also: നെഹ്‌റുവിന് ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
Post Your Comments