തൃശ്ശൂർ : തൃശ്ശൂര്‍ നഗരത്തില്‍ കനത്തമഴ ഭീഷണിയെ തുടര്‍ന്ന് പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. നഗരത്തില്‍ കനത്ത മഴ തുടരുന്നത് വെടിക്കെട്ട് നടത്തുന്നതിന് തടസമായി. മഴമാറിയാല്‍ രണ്ട് ദിവസത്തിന് ശേഷം നടത്താൻ ആലോചനയുണ്ടെന്നാണ് സൂചന. ഇതിനായി വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കും. അതേസമയം, തൃശ്ശൂര്‍ പൂരത്തിന് കൊടിയിറക്കം. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ വടക്കുംനാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലി പിരിഞ്ഞു.
കലാശക്കൊട്ടായി നഗരത്തെ പ്രകമ്പനം കൊള്ളിച്ച് പകല്‍ വെടിക്കെട്ട് നടന്നു. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ എഴുന്നള്ളിപ്പ് രാവിലെ എട്ടിന് തുടങ്ങി. കാര്‍മേഘങ്ങള്‍ മൂടിയ അന്തരീക്ഷത്തിലായിരുന്നു എഴുന്നള്ളിപ്പുകള്‍ പുറപ്പെട്ടത്. ഏതു സമയത്തും മഴ പെയ്യാമെന്ന സ്ഥിതിയായിരുന്നു. പക്ഷേ, ഗജവീരന്‍മാരുടെ അകമ്പടിയില്‍ മേളം കൊട്ടിക്കയറിയപ്പോള്‍ മഴ മാറിനിന്നു.
തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും മേളം തീര്‍ന്ന ശേഷമായിരുന്നു ഉപചാരം ചൊല്ലി പിരിയാനുള്ള ഊഴം. തിടമ്പേറ്റിയ ആനകള്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മുഖാമുഖം നിന്ന് തുമ്പിക്കൈ മൂന്നു തവണ ഉയര്‍ത്തി. അടുത്ത പൂരത്തിനു കാണാമെന്ന ഉറപ്പില്‍ ഭഗവതിമാര്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
Post Your Comments