KeralaLatest NewsIndia

കോഴിക്കോട് കണ്ടെത്തിയത് 266 വെടിയുണ്ടകൾ: ആളൊഴിഞ്ഞ പറമ്പിൽ വെടിവെച്ച് പരിശീലനവും

വെടിയുണ്ട സൂക്ഷിച്ചിരുന്ന ബോക്സിൽ നിന്നും ഒരു വെടിയുണ്ട കാണാതായിട്ടുമുണ്ട്. 

കോഴിക്കോട്: 266 വെടിയുണ്ടകൾ കണ്ടെടുത്ത ഞെട്ടലിലാണ് കോഴിക്കോട്. തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്നാണ് 266 വെടിയുണ്ടകൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ഈ പറമ്പിൽ വെടിവെച്ച് പരിശീലനം നടത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. വെടിയുണ്ട സൂക്ഷിച്ചിരുന്ന ബോക്സിൽ നിന്നും ഒരു വെടിയുണ്ട കാണാതായിട്ടുമുണ്ട്.

പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ട തുളഞ്ഞുകയറിയ പ്ലൈവുഡ് ഷീറ്റും കണ്ടെത്തി. വെടിയുണ്ട സൂക്ഷിച്ച ബോക്സിൽനിന്ന് രണ്ടെണ്ണം ഊരിമാറ്റിയിട്ടുണ്ടെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. 266 വെടിയുണ്ടകൾ എങ്ങനെയാണ് ഉപേക്ഷിച്ചത് എന്നതിന്റെ ഞെട്ടലിലാണ് കോഴിക്കോട് നെല്ലിക്കോട്ടുകാർ.

ബൈപ്പാസിന് സമീപത്തുള്ള ഒഴിഞ്ഞുകിടക്കുന്ന പറമ്പിലേക്ക് അപൂർവമായി വാഹനങ്ങൾ വരുന്നത് കണ്ടിട്ടിട്ടുണ്ടെങ്കിലും സംശയാസ്പദമായി ഇതുവരെ ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അവർ പറയുന്നു. ഒഴിഞ്ഞപറമ്പാണെങ്കിലും ഇതുവരെ വെടിയൊച്ചകളൊന്നും കേട്ടിട്ടുമില്ല. പക്ഷേ, വെടിവെപ്പ് പരിശീലനം നടത്തിയതിന്റെ തെളിവുകൾ കൂടി ലഭിച്ചതാണ് നാട്ടുകാരെ കൂടുതൽ ഭയപ്പെടുത്തുന്നത്. വെടിയുണ്ട കണ്ടെത്തിയ കുറ്റിയകുത്ത് പറമ്പിന്റെ സമീപത്ത് കാടുകയറി കിടക്കുകയാണ്. അവിടേക്ക് കയറിയാൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെടുകയുമില്ല.

വെടിയുണ്ടകൾ ക്ലാവുപിടിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റാത്തതിനാൽ ഉപേക്ഷിച്ചതല്ലെന്നു തന്നെയാണ് നിഗമനം. ഇത്തരം വെടിയുണ്ടകൾക്ക് 20വർഷം വരെയൊക്കെ കാലാവധിയുണ്ട്. കണ്ടെത്തിയ 266 വെടിയുണ്ടകൾ റൈഫിൾ ക്ലബ്ബുകളിലും പോലീസിലുമടക്കം പരിശീലനം നടത്തി പഠിക്കുന്ന .22 (പോയന്റ് 22) റൈഫിളിൽ ഉപയോഗിക്കുന്നവയാണ്. അപൂർവമായി മൃഗങ്ങളെ ഉൾപ്പെടെ വേട്ടയാടാനും ഇവ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ഇത്രയധികം വെടിയുണ്ടകൾ എങ്ങനെ ഇവിടെ ഉപേക്ഷിച്ചെന്ന് വ്യക്തമായിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് തൊട്ടടുത്ത പറമ്പ് അളക്കുന്നതിന്റെ ഭാഗമായി അതിർത്തി പരിശോധിക്കുന്നതിനിടെയാണ് തെങ്ങിന്റെ ചുവട്ടിലായി ആദ്യം ഏതാനും വെടിയുണ്ടകൾ ശ്രദ്ധയിൽപ്പെട്ടത്.

വളരെ ചെറുതായിരുന്നതിനാൽ വെടിയുണ്ടയാണെന്ന് നാട്ടുകാർക്ക് മനസ്സിലായിരുന്നില്ല. യുവാക്കളുടെ മാലയുടെ ഭാഗമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പ്രദേശത്തെ മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടറാണ് വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന്, മെഡിക്കൽ കോളേജ് പോലീസിനെ അറിയിക്കുകയായിരുന്നെന്ന് കോർപ്പറേഷൻ കൗൺസിലർ സുജാത കൂടത്തിങ്ങൽ പറഞ്ഞു. തുടർന്ന്, ചൊവ്വാഴ്ച ബോംബ് സ്‌ക്വാഡ് എത്തി പരിശോധിച്ചപ്പോഴാണ് ബാക്കി ഇരുനൂറ്റമ്പതോളം വെടിയുണ്ടകൾ കവറിൽ പൊതിഞ്ഞ് ബോക്സുകളിലാക്കി സൂക്ഷിച്ചനിലയിൽ കണ്ടെത്തിയത്.

22 തോക്കിന് (പോയന്റ് 22) 180 മീറ്റർവരെ റേഞ്ചുണ്ട്. അതുകൊണ്ട് അപകടസാധ്യതയും കൂടുതലാണ്. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്രയും വെടിയുണ്ടകൾ പിടികൂടുന്നത്. തീവ്രവാദബന്ധത്തെക്കുറിച്ചൊന്നും ഒരു സൂചനയും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. എങ്ങനെയാണ് ഇത്രയും വെടിയുണ്ടകൾ അവിടെയെത്തിയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന്, സിറ്റി പോലീസ് മേധാവി എ. അക്ബർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button