KeralaLatest NewsIndiaEntertainment

‘ഇത്തരം ഫെമിനിച്ചികളെ പൊക്കി കൊണ്ട് നടക്കാൻ വല്ലാത്ത ത്വരയും ഉശിരുമാണല്ലോ, കാമുകൻ സംവിധായകനാണ് പോലും’: സംഗീത ലക്ഷ്മണ

'എന്റെ വീട്ടുകാര്‍ക്ക് ഭാഗ്യലക്ഷ്മിയുമായുള്ള വിവാഹത്തില്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. വിദ്യാഭ്യാസമില്ലാത്ത അനാഥയും ദരിദ്രയുമായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല'

കൊച്ചി: നടൻ ദിലീപിനെതിരെയും കാവ്യക്കെതിരെയും രൂക്ഷ വിമർശനവുമായി എത്തുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ പ്രതികരണവുമായി അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ.
‘അനിവാര്യമായ ഒരു കുത്തിപൊക്കല്‍!’ എന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മിയ്ക്ക് എതിരായ ഫേസ്ബുക്ക് പോസ്റ്റ് സംഗീത ലക്ഷ്മണ പങ്കുവെച്ചിരിക്കുന്നത്. ഒരു മാധ്യമത്തിൽ വന്ന കുറിപ്പാണ് സംഗീത പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിലുള്ള കാമുകൻ സംവിധായകൻ ഉണ്ണികൃഷ്ണനാണെന്നും സംഗീത പറയുന്നു.

കുറിപ്പ് ഇങ്ങനെ,

ഭാഗ്യലക്ഷ്മി പറയാത്ത ഭാഗ്യംകെട്ട ഭര്‍ത്താവിന്‍റെ കഥ!
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ ‘സ്വരഭേദങ്ങള്‍’ പുറത്തിറങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ്. അതിലെ ചില പരാമര്‍ശങ്ങള്‍ എന്നേയും എന്റെ കുടുംബത്തേയും അപമാനിക്കുന്നതായിരുന്നു. എന്നാല്‍ ഇത്രകാലവും സത്യാവസ്ഥ വെളിപ്പെടുത്താന്‍ മുതിരാതെ മൗനം പാലിച്ചത് എന്റെ ദാമ്പത്യം മറ്റുള്ളവരുടെ മുന്നില്‍ അലക്കേണ്ട വിഴുപ്പല്ലെന്ന് ഓര്‍ത്താണ്. എന്നാല്‍ അടുത്തകാലത്തായി ചില ആനുകാലികങ്ങളില്‍ ‘സ്വരഭേദങ്ങളി’ലെ ആരോപണങ്ങളെ സാധൂകരിക്കുന്ന പരാമര്‍ശങ്ങള്‍ ഭാഗ്യലക്ഷ്മിയുടെ ഭാഗത്തുനിന്നുണ്ടായി.

ഇനിയും മൗനംപാലിക്കുന്നത് എന്നെ സ്‌നേഹിക്കുന്നവരോടുള്ള അനീതിയാണെന്നു തോന്നുന്നു. എന്റെ പ്രിയപ്പെട്ടവരുടെ നന്‍മയെക്കരുതി ഞാന്‍ പ്രതികരിക്കുകയാണ്.
കണ്ടതും ഇഷ്ടപ്പെട്ടതും
ഭാഗ്യലക്ഷ്മിയെ ഭാര്യയായി ലഭിച്ചത് ഭാഗ്യമായി കരുതിയിരുന്ന ആളായിരുന്നു ഞാന്‍. 1984ല്‍ ഞാന്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ കാമറാമാനായി ജോലി ചെയ്യുന്ന സമയത്താണ് അവരെ കാണുന്നതും പരിചയപ്പെടുന്നതും. അവരുടെ അച്ചടക്കവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഞാന്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. എന്നാല്‍ ‘സ്വരഭേദങ്ങളി’ ല്‍പറയും പോലെ ഞാന്‍ വിവാഹ ആലോചനയുമായി ഒരിക്കലും അവരെ സമീപിച്ചിരുന്നില്ല.

ജോലിയില്‍ ഉയരാന്‍ ശ്രമിച്ചിരുന്ന ഞാന്‍ ആ സമയത്ത് വിവാഹത്തെക്കുറിച്ചു ചിന്തിച്ചിരുന്നില്ല എന്നതാണു വാസ്തവം. ഒരിക്കല്‍ ഭാഗ്യലക്ഷ്മിതന്നെയാണ് വിവാഹക്കാര്യം അവതരിപ്പിക്കുന്നത്. അക്കാലത്ത് അവര്‍ കോടമ്പാക്കത്ത് ചെറിയമ്മക്കൊപ്പമായിരുന്നു താമസം. അവിടുത്തെ പീഡനങ്ങളില്‍ നിന്നുള്ള മോചനമായിരുന്നു അവര്‍ക്കന്നു വേണ്ടിയിരുന്നത്. പെട്ടെന്ന് വിവാഹത്തെപ്പറ്റി കേട്ട എനിക്ക് ഒന്നും പറയാനായില്ല. ആലോചിക്കണമെന്നും ആറുമാസം കഴിയട്ടേയെന്നും ഞാന്‍ പറഞ്ഞു. കൃത്യം ആറുമാസം കഴിഞ്ഞ് അവര്‍ വിളിച്ചു. അപ്പോഴും വിവാഹക്കാര്യം ഞാന്‍ വീട്ടില്‍ അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കേണ്ടതുണ്ടായിരുന്നതിനാല്‍ സമ്മതം അറിയിച്ചു.

വളരെ ലളിതമായി ജീവിക്കുന്ന ആരോരുമില്ലാത്ത ആ പെണ്‍കുട്ടിയെ അതിനിടയിലെപ്പോഴോ ഞാന്‍ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.
ആയിടക്ക് ഔദ്യോഗികാവശ്യത്തിന് മദ്രാസിലെത്തിയ എന്റെ അടുത്തേക്ക് ചെറിയമ്മയുമായി വഴക്കിട്ട് അവര്‍ വീടുവിട്ടിറങ്ങിവന്നു. ഭാഗ്യലക്ഷ്മി പറഞ്ഞ പ്രകാരം അവരുടെ ഒരു സുഹൃത്തിന്‍െ്‌റ വീട്ടില്‍ ഞാന്‍ കൊണ്ടുചെന്നാക്കി. അവരുടെ ഭര്‍ത്താവ് ഒരു പ്രമുഖ സംവിധായകനായിരുന്നു. തിരിച്ചു ഞാന്‍ തിരുവനന്തപുരത്തെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കരഞ്ഞുവിളിച്ചുകൊണ്ടു ഭാഗ്യലക്ഷ്മിയുടെ ഫോണ്‍. സുഹൃത്തിന്റെ ഭര്‍ത്താവ് മോശമായി പെരുമാറുന്നുവെന്നും ഉടന്‍ താമസം മാറണമെന്നുമായിരുന്നു ആവശ്യം.

ഞാന്‍ മദ്രാസില്‍ ചെന്ന് മറ്റൊരു സുരക്ഷിത താമസസ്ഥലം കണ്ടെത്തി. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് എനിക്കു തോന്നി. കുറച്ചു ദിവസം കഴിഞ്ഞ് ഭാഗ്യലക്ഷ്മിയെ തിരുവനന്തപുരത്തുകൊണ്ടുവന്നു. സി.പി.ഐ നേതാവ് സി. ഉണ്ണിരാജയുടെ മകന്‍െ്‌റ വീട്ടില്‍ നിര്‍ത്തി. അദ്ദേഹം എന്റെ അടുത്ത സുഹൃത്തായിരുന്നു. പിറ്റേ ദിവസം, 1985 സെപ്റ്റംബര്‍ 16ന് മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു.

എതിര്‍പ്പുകള്‍ മറികടന്ന്…
എന്റെ വീട്ടുകാര്‍ക്ക് ഭാഗ്യലക്ഷ്മിയുമായുള്ള വിവാഹത്തില്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. അറിയപ്പെടുന്ന തറവാട്ടിലെ അംഗമാണു ഞാന്‍. അച്ഛന്‍ പട്ടാളത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. അക്കാലത്ത് വീട്ടില്‍ സമാന പശ്ചാത്തലമുള്ള കുടുംബങ്ങളില്‍നിന്നും വിവാഹാലോചന കൊണ്ടുപിടിച്ചു നടക്കുകയാണ്. വിദ്യാഭ്യാസമില്ലാത്ത അനാഥയും ദരിദ്രയുമായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല എന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു വിവാഹം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞ് വീട്ടില്‍ അറിയിച്ചാല്‍മതി എന്നു തീരുമാനിച്ചു.

വിവാഹ രജിസ്‌ട്രേഷന്‍ കഴിഞ്ഞുള്ള ഒരുമാസം ഭാഗ്യലക്ഷ്മിയെ അഡ്വ. ചെറുന്നിയൂര്‍ വാസുദേവന്‍ പിള്ളയൂടെ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകനും എന്റെ സുഹൃത്തായിരുന്നു. അഡ്വ. ചെറുന്നിയൂര്‍ വാസുദേവന്‍ പിള്ളയാണ് ഞങ്ങളുടെ വിവാഹം ബന്ധുക്കളെ പങ്കെടുപ്പിച്ച് ചടങ്ങായി നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. അതിനുള്ള ചെലവുകളെല്ലാം ഞാന്‍ വഹിച്ചു. ഒക്‌ടോബര്‍ 27ന് ശ്രീ രാജരാജേശ്വരി കല്യാണ മണ്ഡപത്തില്‍ ഞങ്ങള്‍ വിവാഹിതരായി. എന്റെ വീട്ടുകാരെല്ലാം സഹകരിച്ചു. പിന്നീട് വട്ടിയൂര്‍ക്കാവിലുള്ള എന്റെ കുടുംബ വീട്ടിലായിരുന്നു ഞങ്ങള്‍ കഴിഞ്ഞത്. സ്വകാര്യതക്കുവേണ്ടി വീടിനോടു ചേര്‍ന്നുള്ള ഔട്ട് ഹൗസിലായിരുന്നു താമസം.

എന്റെ വീട്ടുകാര്‍ക്കെല്ലാം ഭാഗ്യലക്ഷ്മിയോടു വലിയ കാര്യമായിരുന്നു. ‘സ്വരഭേദങ്ങളില്‍’ ഭാഗ്യലക്ഷ്മി തന്നെ അതെല്ലാം എഴുതിയിട്ടുമുണ്ട്. ഏതൊരു കുടുംബത്തിലും ഉണ്ടാവുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിച്ചുകാട്ടി അപഹാസ്യയാവുകയാണ് ‘സ്വരഭേദങ്ങളില്‍’ ഭാഗ്യലക്ഷ്മി ചെയ്യുന്നത്. അന്നു നന്‍മ ഉദ്ദേശിച്ചു ചെയ്ത കാര്യങ്ങളാണ് പുസ്തകത്തില്‍ പിന്നീട് ഭാഗ്യലക്ഷ്മിക്ക് പീഡനങ്ങളായി മാറിയിരിക്കുന്നത്. തറവാട്ടില്‍ പിറന്ന, വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലിയുമുള്ള എനിക്ക് അതൊന്നുമില്ലാത്ത ഒരു പെണ്‍കുട്ടിയെ വെല്ലുവിളികള്‍ നേരിട്ട് വിവാഹം കഴിച്ച് കൊണ്ടുവന്ന് പീഡിപ്പിക്കേണ്ട ആവശ്യമുണ്ടോ?

ആ സമയത്ത് കുറഞ്ഞ പ്രതിഫലം വാങ്ങുന്നൊരു ഡബ്ബിഗ് ആര്‍ട്ടിസ്റ്റായിരുന്നു ഭാഗ്യലക്ഷ്മി. പത്തോ പതിനഞ്ചോ കൊല്ലം കഴിയുമ്പോള്‍ അവര്‍ സമ്പന്നയാവുമെന്ന് ജാതകം നോക്കി അറിഞ്ഞിട്ടല്ല ഞാന്‍ അവരെ വിവാഹം കഴിക്കാന്‍ തയ്യാറായത്. മറിച്ച് അത്രമേല്‍ സ്‌നേഹിച്ചിരുന്നതിനാലാണ്. ഭര്‍ത്താവിന്റെ സാഹചര്യവും സംഘര്‍ഷങ്ങളും മനസിലാക്കാന്‍ ശ്രമിക്കാത്തൊരു ഭാര്യയേയാണ് ‘സ്വരഭേദങ്ങളി’ല്‍ ഭാഗ്യലക്ഷ്മി തന്നെ വരച്ചുകാട്ടുന്നത്.

അവരുടെ കുടുംബ പശ്ചാത്തലത്തെപ്പറ്റി വിശദമായി എന്നോടൊന്നും പറഞ്ഞിരുന്നില്ല. കുടുംബത്തില്‍ ആരുമില്ലെന്നാണ് പറഞ്ഞിരുന്നത്. ആത്മഹത്യചെയ്ത അച്ഛനേക്കുറിച്ചോ വീടുവിട്ടുപോയ സഹോദരനെപ്പറ്റിയോ സഹോദരി ഉള്ളതിനെക്കുറിച്ചോ സൂചിപ്പിച്ചിരുന്നില്ല. ഒരുപക്ഷേ അവരുടെ കുടുംബ പശ്ചാത്തലം മോശമായതിനാലാവാം എന്നില്‍നിന്നും ഒളിച്ചുവെച്ചത്. അവരുടെ കുടുംബത്തെക്കുറിച്ച് ഭര്‍ത്താവായ ഞാന്‍ കൂടുതല്‍ അറിഞ്ഞത് ‘സ്വരഭേദങ്ങള്‍’ എന്ന പുസ്തകത്തില്‍
നിന്നാണ്. ഭാഗ്യലക്ഷ്മിക്ക് മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ. അതു മനസിലാക്കി പിന്നീടവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ഞാന്‍ ശ്രമിച്ചതാണ്. എന്നാല്‍ അവരത് തെറ്റായാണ് എടുത്തത്.
മദ്യമായിരുന്നില്ല വില്ലന്‍

പുസ്തകത്തില്‍ പലയിടത്തും എന്നെ മദ്യപനായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നെ അറിയാവുന്നവര്‍ക്കെല്ലാം അതിന്റെ സത്യാവസ്ഥ ബോധ്യമുണ്ട്. അച്ഛന്‍ പട്ടാളത്തിലായിരുന്നതിനാല്‍ ക്വാട്ട കിട്ടുമായിരുന്നു. ഞാന്‍ വല്ലപ്പോഴും അല്‍പ്പം മാത്രം കഴിക്കും. എന്റെ അച്ഛന്‍ ഞങ്ങള്‍ കുട്ടികളുടെ മുന്നില്‍ മദ്യപിച്ചിട്ടില്ല. അതുതന്നെ ആയിരുന്നു എന്റേയും മാതൃക.
ഒരുമിച്ചു ജീവിക്കുമ്പോള്‍ അതൊന്നുമൊരു പ്രശ്‌നമായി വന്നിട്ടില്ല. ചില സംവിധായകരൊക്കെ വീട്ടില്‍ വരുമ്പോള്‍ അവരെ സത്കരിക്കാന്‍ ഭാഗ്യലക്ഷ്മിതന്നെ എന്നോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഒരു അലമാര നിറയേ മദ്യക്കുപ്പികള്‍ കണ്ടെന്ന് സ്വരഭേദങ്ങളില്‍ പറയുന്നു. ഏതു കുടിയനാണ് അലമാരനിറയേ മദ്യം സൂക്ഷിച്ചു കാത്തിരിക്കുന്നത് ?

മറ്റൊരിക്കല്‍ ഞാന്‍ അറിയാതെ എന്റെ അച്ഛന്റെ പക്കല്‍നിന്നും ഒരുതവണത്തെ മുഴുവന്‍ ക്വാട്ട മദ്യവും വാങ്ങി ഭാഗ്യലക്ഷ്മി എന്റെ സുഹൃത്തിനു സമ്മാനിച്ചു. വിവാഹം കഴിഞ്ഞുള്ള നാളുകളിലൊന്നില്‍ ഭാഗ്യലക്ഷ്മിയുടെ ഒരു ബന്ധു വിരുന്നിനെത്തുമെന്ന് പറഞ്ഞു. ആദ്യമായായിരുന്നു അവരുടെ ഒരു ബന്ധു വീട്ടില്‍ വരുന്നത്. അമ്മ സദ്യയൊക്കെ ഒരുക്കി കാത്തിരുന്നു. കുറച്ചുകഴിഞ്ഞ് മദ്യപിച്ച് ആടിക്കുഴഞ്ഞ് പ്രാകൃത വേഷത്തില്‍ ഒരാള്‍ ഗേറ്റില്‍ പ്രത്യക്ഷപ്പെട്ടു. വിരുന്നുകാര്‍ വരുന്നതല്ലേ, എന്തെങ്കിലും നല്‍കി ആ മദ്യപനെ പറഞ്ഞുവിടാം എന്നു കരുതി വീട്ടുകാര്‍ അന്വേഷിക്കുമ്പോഴാണ് അറിയുന്നത്, ആ കള്ളുകുടിയനാണ് ഞങ്ങളുടെ അതിഥിയെന്ന്.

ആശുപത്രിക്കാലത്ത്….
രണ്ടാമത്തെ മകനെ പ്രസവിക്കുന്ന സമയത്ത് ശ്രദ്ധ ലഭിച്ചില്ലെന്നും ഞാന്‍ ആശുപത്രിയില്‍ എത്താന്‍ വൈകിയെന്നുമെല്ലാം പരാമര്‍ശിക്കുന്നുണ്ട്. പ്രസവം അടുത്തിരുന്ന ഒരു ദിവസം പൊന്‍മുടിയില്‍ എനിക്ക് ഷൂട്ടിങ്ങിനു പോകേണ്ടിവന്നു. അതുകൊണ്ട് ആശുപത്രിക്ക് തൊട്ടടുത്തുള്ള എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഞാന്‍ തന്നെയാണ്് അവരെ കൊണ്ടു ചെന്നാക്കിയത്. മൊബൈല്‍ ഫോണൊന്നും ഇല്ലാത്ത കാലമാണ്. ഷൂട്ടിംഗ് തിടുക്കപ്പെട്ട് തീര്‍ത്താണ് ഞാന്‍ ആശുപത്രിയില്‍ ഓടിയെത്തിയത്. സാധാരണ പ്രസവ സമയത്ത് ഭാര്യയുടെ വീട്ടുകാരാണ് സഹായത്തിനുണ്ടാവുക. എന്നാല്‍ ഭാഗ്യലക്ഷ്മിക്കു വേണ്ട ശുശ്രൂഷകളെല്ലാം ചെയ്തത് എന്റെ ബന്ധുക്കളായിരുന്നു. മറ്റൊരുഭാഗത്ത് ആയുര്‍വേദ ചികിത്സക്ക് പോയപ്പോള്‍ ആരും സഹായിക്കാനില്ലായിരുന്നെന്നു പറയുന്നുണ്ട്.

എനിക്ക് അന്ന് ജോലിക്ക് പോകേണ്ടതുണ്ട്. സുഖ ചികിത്സ നടത്തുന്ന ഒരിടത്താണ് അവരെ പ്രവേശിപ്പിച്ചിരുന്നത്. അവിടെ സഹായത്തിന് പുരുഷന്‍മാരെ അനുവദിക്കില്ല. അവരുടെ ചികിത്സാകാര്യങ്ങള്‍ ഞാന്‍ കൃത്യമായി അന്വേഷിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ പൊരുത്തക്കേടുകള്‍ തിരിച്ചറിഞ്ഞുവെന്നാണു ഭാഗ്യലക്ഷ്മി പുസ്തകത്തില്‍ പറയുന്നത്. അവര്‍ ശബ്ദം നല്‍കിയിരുന്ന ചില മൂന്നാംകിട സിനിമകളിലെ കാല്‍പനികമായ ദാമ്പത്യമായിരുന്നിരിക്കാം അവരുടെ മനസില്‍. എന്നാല്‍ അവര്‍ എന്റെ സ്‌നേഹം നിഷേധിക്കും വരെയുള്ള പതിനാലു വര്‍ഷക്കാലം ഞങ്ങളുടെ കുടുംബം സന്തോഷം നിറഞ്ഞതായിരുന്നു. വിവാഹം കഴിഞ്ഞ് ജോലിനിര്‍ത്തിയ ഭാഗ്യലക്ഷ്മി എന്റെ പ്രോത്സാഹനംകൊണ്ട് കൂടിയാണ് വീണ്ടും ഡബ്ബിംഗിനു പോയിത്തുടങ്ങിയത്. അവരിലെ കലാകാരിയെ അന്നും ഇന്നും ഞാന്‍ ബഹുമാനിക്കുന്നു. അവര്‍ ജോലിയില്‍ തിരക്കായിത്തുടങ്ങിയപ്പോള്‍ കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി ഞാന്‍ എന്റെ ജോലികള്‍ കുറച്ചു.

അക്കാലത്ത് അവധി കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ ടൂറുപോകുമായിരുന്നു.അതിന്റെയൊക്കെ ചിത്രങ്ങളാണ് രണ്ട് വലിയ ആല്‍ബം നിറയേ. എന്തു വിശേഷം വന്നാലും ആഘോഷമാണ്. അഞ്ചാം വിവാഹ വാര്‍ഷികത്തിന് അഞ്ചു പവന്റെ മാല. പത്താം വാര്‍ഷികത്തിനു പത്തു പവന്‍. അങ്ങനെയൊക്കെ ആയിരുന്നു ഭാഗ്യലക്ഷ്മിക്ക് ഞാന്‍ നല്‍കിയിരുന്ന സമ്മാനങ്ങള്‍.
സ്വരഭേദങ്ങളില്‍ വൈകിവന്നൊരു പ്രണയത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. ദാമ്പത്യ പ്രശ്‌നങ്ങളെക്കുറിച്ചും സ്വയം വീടുമാറി താമസിച്ചതിനെക്കുറിച്ചുമെല്ലാം പറഞ്ഞതിനുശേഷം മറ്റൊരു അധ്യായമായാണിതു ചേര്‍ത്തിരിക്കുന്നത്. നിയമപരമായി ഭാഗ്യലക്ഷ്മി ഇപ്പോഴൂം എന്റെ ഭാര്യയാണ്. ഔദ്യോഗികമായി വിവാഹമോചനം ലഭിച്ചിട്ടില്ല. പുസ്തകം വായിക്കുന്ന ഒരാള്‍ക്കു തോന്നുക ഞങ്ങള്‍ വേര്‍പിരിഞ്ഞ ശേഷമാണ് അവര്‍ മറ്റൊരാളുടെ കാമുകിയായത് എന്നായിരിക്കും. വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് വഴിവിട്ട ബന്ധത്തെ അടര്‍ത്തിമാറ്റി മറ്റൊരു അധ്യായമാക്കിയിരിക്കുന്നത്.

അകല്‍ച്ചയുടെ തുടക്കം
വട്ടിയൂര്‍ക്കാവിലെ എന്റെ തറവാട്ടു വീട്ടില്‍ വച്ചുതന്നെയാണ് ഭാഗ്യലക്ഷ്മിക്ക് എന്നോടുള്ള സമീപനത്തില്‍ മാറ്റം കണ്ടു തുടങ്ങുന്നത്. രണ്ടായിരമാണ്ട് പകുതിയോടെയാണെന്നു തോന്നുന്നു അത്. ആദ്യം ഞാനതു കാര്യമാക്കിയില്ല. നിരന്തരം ഫോണിലൂടെ ആരോടോ സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു ദിവസം എന്നെക്കുറിച്ച് അയാളോട് ഫോണില്‍ സംസാരിക്കുന്നതുകേട്ടാണു ഞാന്‍ കയറിച്ചെല്ലുന്നത്. എന്നെ കണ്ടതോടെ അവര്‍ സംസാരത്തിന്റെ ഗതിമാറ്റി. എന്തിനാണ് എന്നെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നതെന്നു ഞാന്‍ ചോദിച്ചു. സഹപ്രവര്‍ത്തകനായ ഒരാളോടാണെന്നും ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണെന്നും മറ്റുമാണ് എന്നോടു മറുപടി പറഞ്ഞത്.
ഒരിക്കല്‍ വീട്ടിലെ ടെലഫോണിന്റെ സമാന്തര കണക്ഷന്‍ ഞാന്‍ അറിയാതെ എടുത്തതിന്റെ പേരില്‍ ഭാഗ്യലക്ഷ്മി എന്നോടു കയര്‍ത്തു. മറുതലയ്ക്കല്‍ അയാളായിരുന്നു. ജോലിയുടെ ഭാഗമായി പലരും വിളിക്കാറുണ്ടായിരുന്നതിനാല്‍ ഞാനതത്ര കാര്യമാക്കാന്‍ പോയില്ല. പിന്നീട് ഞാന്‍തന്നെ അവരെ ചെന്നൈക്കു പോകാന്‍ വിമാനത്താവളത്തില്‍ കൊണ്ടു ചെന്നാക്കി.

രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ ഫോണില്‍ വിളിച്ചു. ‘ഹലോ ഹൗ ആര്‍ യൂ’ എന്നു ചോദിച്ചു. വളരെ സന്തോഷത്തില്‍ ഭാഗ്യലക്ഷ്മിയുടെ മറുപടികേട്ട് ഞാന്‍ പിണക്കമൊക്കെ മാറിയോ എന്നു ചോദിച്ചു. ‘നിങ്ങളായിരുന്നോ. ഞാന്‍ നിങ്ങളുടേതല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു’ എന്നായിരുന്നു മറുപടി. അതുകേട്ട്
ഞാന്‍ തകര്‍ന്നുപോയി. തിരിച്ചു തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഞാന്‍ തന്നെ വിമാനത്താവളത്തില്‍പോയി കൂട്ടിക്കൊണ്ടുവന്നു. പക്ഷേ കൂടുതലൊന്നും അങ്ങോട്ടു ചോദിക്കാന്‍ പോയില്ല. അവരുടെ മറുപടി കേള്‍ക്കാന്‍ എനിക്ക് ശക്തി ഉണ്ടായിരുന്നില്ല. പിന്നീട് ഭാഗ്യലക്ഷ്മിയുടെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങി. ഫോണില്‍ നിരന്തരം ആരോടോ സംസാരമായി. എറണാകുളത്ത് പോകുമ്പോള്‍ ഞാന്‍ കൂടെ ചെല്ലുന്നതു വിലക്കി.
പിന്നീട് വീട്ടില്‍ സമാധാനം കിട്ടുന്നില്ലെന്നും മാറി താമസിക്കണമെന്നും പറഞ്ഞു. ഞാനും കൂടിപ്പോയി വഴുതക്കാട്ട് ഒരു ഫ്‌ളാറ്റ് എടുത്തു താമസം തുടങ്ങി.

അതെല്ലാം ആ കാമുകന്റെ പദ്ധതിപ്രകാരമായിരുന്നുവെന്ന് പിന്നീട് മനസിലായി. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു മറ്റുള്ളവരെ ബോധിപ്പിക്കാന്‍ അവര്‍ക്കായി. വഴുതക്കാട്ടെ ഫ്‌ളാറ്റില്‍നിന്നും എന്നെ തുരത്താനായി പിന്നീടു ശ്രമം. വീട്ടിലെ സംഭവങ്ങള്‍ ഫോണിലൂടെ അയാളെ അറിയിക്കും. അയാള്‍ കൊടുക്കുന്ന നിര്‍ദ്ദേശം അനുസരിച്ച് എന്തെങ്കിലുമൊക്കെപ്പറഞ്ഞ് എന്നെ പ്രകോപിപ്പിക്കാന്‍ നോക്കും. പക്ഷേ കുട്ടികളെ ഓര്‍ത്ത് ഞാന്‍ സംയമനം പാലിച്ചു.
സിനിമാ രംഗത്തുള്ള ചില സുഹൃത്തുക്കള്‍ ഇവരുടെ വഴിവിട്ട ബന്ധത്തെക്കുറിച്ച് സൂചനകള്‍ തന്നിരുന്നു. സിനിമാക്കാരുമായി ബന്ധങ്ങളുണ്ടായിരുന്ന അയാള്‍ അന്ന് ഏതോ പാരലല്‍കോളജില്‍ പഠിപ്പിക്കുകയായിരുന്നു.

തിരക്കഥാകൃത്തായിമാറിയ അയാള്‍ പിന്നീട് സംവിധാനവും ചെയ്തു. കട്ടിക്കണ്ണടവെച്ച് ടിവിയിലൊക്കെ പ്രത്യക്ഷപ്പെടുമായിരുന്നു. ആള്‍ ‘ഒരു കൊച്ചു കൃഷ്ണനും മിസ്റ്റര്‍ ഫ്രോഡും’ ആണ് സൂക്ഷിക്കണമെന്നു പലരും പറഞ്ഞു. ഇവരെ പലയിടത്തുവെച്ചും ഒരുമിച്ചു കണ്ടെന്നു പറഞ്ഞ് എനിക്ക് ഫോണ്‍കോളുകളും ഊമക്കത്തുകളും കിട്ടി. എന്നാല്‍ അപ്പോഴും ഭാര്യ എന്റെ വിശ്വാസം കാക്കും എന്നു ഞാന്‍ ആശിച്ചിരുന്നു.

കാമുകനും ഭര്‍ത്താവിനും ഇടയില്‍..
ഒരിക്കല്‍ പൂജപ്പുരയില്‍ വച്ച് ഭാഗ്യലക്ഷ്മിയും അയാളും കൂടി കാറില്‍ പോകുന്നതു യാദൃച്ഛികമായി കണ്ടു. എന്നെ കണ്ടതും ഭാഗ്യലക്ഷ്മി വയലന്റായി. തങ്ങള്‍ വണ്ടി ടെസ്റ്റ് ഡ്രൈവിന് പോകുകയാണെന്നും പിന്‍തുടരരുത് എന്നും പറഞ്ഞ് ബഹളം വച്ചു. ആളുകള്‍ ശ്രദ്ധിക്കുന്നതു മനസിലാക്കിയ ഞാന്‍ പിന്‍വാങ്ങി. പിന്നീട് അയാള്‍ എന്നെ ഫോണില്‍ നേരിട്ടുവിളിച്ചു ഭീഷണിപ്പെടുത്തി. കലാഭവനില്‍ നിന്ന് പിടിച്ചിറക്കി അടി തരാനറിയാം എന്നും മറ്റും പറഞ്ഞു.

പിന്നീട് ഫ്‌ളാറ്റില്‍ നിന്നും താമസം ഗാന്ധിനഗറിലുള്ള വീട്ടിലേക്കുമാറ്റി. പുതിയ വീട്ടിലെ മുകള്‍ നിലയിലെ കിടപ്പുമുറിയിലേക്കു പോകാനൊരുങ്ങിയ എന്നോട് അവര്‍ എവിടെ പോകുകയാണെന്നു ചോദിച്ചു. താഴത്തെ നിലയിലെ കിടപ്പുമുറി ചൂണ്ടിക്കാട്ടി അതാണു നിങ്ങളുടെ മുറിയെന്നു പറഞ്ഞു. ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. ഗാന്ധിനഗറില്‍ താമസിക്കുമ്പോള്‍ രാവിലെ അവര്‍ക്കൊപ്പം നടക്കാന്‍ ചെല്ലാന്‍ എന്നെ അനുവദിച്ചിരുന്നില്ല. അതിനടുത്ത് ഒരിടത്തായിരുന്നു ആ സിനിമാക്കാരന്‍ താമസിച്ചിരുന്നത്. അയാള്‍ വഴിയില്‍ അവര്‍ക്കൊപ്പം കൂടുമായിരുന്നു.

ഒരു ദിവസം ഭാഗ്യലക്ഷ്മി പുറത്തുപോയ സമയത്ത് മൊബൈല്‍ ബെല്‍ അടിച്ചു. ഞാന്‍ എടുത്തപ്പോഴേക്കും കട്ടായി. നമ്പര്‍ കണ്ട് അയാളാണെന്ന് മനസിലായി. കുറച്ചു കഴിഞ്ഞ് വീണ്ടും വിളിച്ച് ലക്ഷ്മി എവിടെ? എന്നു ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. അവര്‍ വന്നപ്പോള്‍ ഫോണ്‍ വന്ന വിവരം പറഞ്ഞു. അന്നു രാത്രി മുകളിലത്തെ മുറിയില്‍ നിന്നും ഫോണില്‍ വലിയ വഴക്കു നടക്കുന്നതു കേള്‍ക്കാമായിരുന്നു. പിറ്റേന്ന് ഭാഗ്യലക്ഷ്മി പ്രതിയായ ഒരു കേസിന്റെ ഭാഗമായി പിരിഞ്ഞു താമസിക്കുകയാണെന്ന് കാണിക്കണമെന്നും ഞാന്‍ ആ വീട്ടില്‍നിന്നും മാറണമെന്നും ആവശ്യപ്പെട്ടു. ഞാന്‍ കൂടുതല്‍ ചോദിച്ചപ്പോള്‍ പ്രകോപിതയായി സാധനങ്ങള്‍ വലിച്ചെറിഞ്ഞു. ഭാഗ്യലക്ഷ്മിയെ വിമര്‍ശിക്കുന്നതോ ചോദ്യം ചെയ്യുന്നതോ ഒന്നും അവര്‍ക്ക് ഇഷ്ടമല്ല. പെട്ടെന്നു വയലന്റാവും. മറ്റുള്ളവരോട് അധികാരഭാവത്തിലാണ് എപ്പോഴും സംസാരിക്കുക.

കൂടുതല്‍ സംസാരത്തിനു നില്‍ക്കാതെ പെട്ടിയുമെടുത്ത് ഞാന്‍ ഇറങ്ങി.
പിന്നെ ഞങ്ങള്‍ ഒരുമിച്ചു ജീവിച്ചിട്ടില്ല. പൊരുത്തപ്പെടാനാവാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ ഞാന്‍ സംയമനം പാലിച്ചത്, അതൊന്നും കുട്ടികള്‍ അറിഞ്ഞു വേദനിക്കേണ്ട എന്നു കരുതിയായിരുന്നു. പിരിഞ്ഞതിനുശേഷം കുട്ടികളെ ഞാന്‍ കാണാതിരിക്കാന്‍ ഭാഗ്യലക്ഷ്മി ശ്രദ്ധിച്ചിരുന്നു. അവരുടെ സ്‌കൂള്‍ പലതവണ മാറ്റി. ഞാന്‍ കുട്ടികള്‍ക്ക് കൊടുത്തയച്ച സമ്മാനങ്ങള്‍ വലിച്ചെറിഞ്ഞു. എന്റെ മക്കളുടെ മനസില്‍ എന്നെപ്പറ്റി മോശം ചിത്രം വരച്ചുചേര്‍ത്തു. എങ്കിലും കുട്ടികള്‍ ഒരിക്കല്‍ സത്യം തിരിച്ചറിയുകതന്നെചെയ്യും.
ഒരിക്കല്‍ മക്കളിലൊരാളെ കണ്ടപ്പോള്‍ എല്ലാ പ്രശ്്‌നങ്ങളും എന്റേതാണെന്ന് മോന്‍ കരുതുന്നുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നായിരുന്നു അവന്റെ വിഷമം നിറഞ്ഞ മറുപടി. അതു കണ്ടപ്പോള്‍ കൂടുതലൊന്നും പറയാന്‍ എനിക്കു കഴിഞ്ഞില്ല.

സിനിമാ നിര്‍മ്മാണവും പ്രശ്‌നങ്ങളും
പനോരവിഷന്‍ എന്നൊരു ബാനര്‍ ഭാഗ്യലക്ഷ്മിയുടെ പേരില്‍ ഉണ്ടായിരുന്നു. ടിവി പ്രോഗ്രാമുകളൊക്കെ ചെയ്ത് നല്ല ലാഭത്തിലായിരുന്നു അതുപോയിരുന്നത്. അക്കാലത്ത് ഭാഗ്യലക്ഷ്മി പൊതു വേദികളിലും മറ്റും പ്രത്യക്ഷപ്പെടാന്‍ അവസരംകാത്ത് നടക്കുകയായിരുന്നു. അതിനുവേണ്ടി അവരുടെ കൂടെ താല്‍പര്യത്തിലാണ് സിനിമ പദ്ധതി ആലോചിക്കുന്നത്. ഇഷ്ടദാനം എന്നായിരുന്നു പേര്. ചെലവു പരമാവധി കുറയ്ക്കാന്‍ ഞങ്ങളുടെ സുഹ്യത്തുക്കളെഅണിയറപ്രവര്‍ത്തകരാക്കി.പടം റിലീസായതിനെത്തുടര്‍ന്ന് വിതരണക്കാരുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ അതില്‍ എന്നെ ഇടപെടുത്താതെ പരിഹരിക്കാന്‍ അവരും കാമുകനും ശ്രമം തുടങ്ങി. അതു പ്രശ്‌നങ്ങള്‍ വഷളാക്കി.

വിവാഹമോചനം സംഭവിച്ചത്…
ഭാര്യയെ ഞാന്‍ ഇന്നുവരെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. എന്നാല്‍ പുസ്തകത്തിലൊരിടത്ത് അവരെ അടിച്ചതായി പറയുന്നു. ഒരുദിവസം സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് നടന്‍ തിലകന്റെ കയ്യില്‍ അവര്‍ വെറുതേ തഴുകിക്കൊണ്ടിരുന്നു. തൊട്ടടുത്ത് ഞാനുമുണ്ട്. എനിക്ക് അതത്ര നല്ലതായി തോന്നിയില്ലെങ്കിലും അവിടെ വച്ച് പ്രതികരിക്കാന്‍ പോയില്ല. കുറച്ചു കഴിഞ്ഞ് തിലകന്‍ ചോദിച്ചു. ഭാഗ്യലക്ഷ്മിക്ക് ഈ ചെയ്യുന്നതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയാമോ എന്ന്. വീട്ടില്‍ വന്നപ്പോള്‍ ഇക്കാര്യത്തില്‍ ഞാന്‍ ശാസിച്ചു. അതൊരു ഭര്‍ത്താവിന്‍െ്‌റ കടമയായിത്തന്നെ ഞാന്‍ കരുതുന്നു.
ഞങ്ങള്‍ വേറിട്ട് താമസിക്കാന്‍ തുടങ്ങിയശേഷം അവര്‍ക്കെതിരേ ഊമക്കത്തുകളും ആരോപണങ്ങളും പതിവായി. അക്കാലത്ത് തിരുവനന്തപുരം സ്വദേശിയായ ഒരു നടനെ കൊച്ചിയില്‍ പണം തട്ടിപ്പിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സംവിധായകനും ഉള്‍പ്പെട്ട ഹവാല മാഫിയയിലേക്ക് അന്വേഷണം നീളുന്നതായി പത്രങ്ങളില്‍ വാര്‍ത്ത വന്നു. ഞാനാണ് അതിനെല്ലാം പിന്നിലെന്ന് അവര്‍ പലരോടും പറഞ്ഞുനടന്നു. അതൊക്കെ ചൂണ്ടിക്കാട്ടി 2009ല്‍ അവര്‍ വിവാഹമോചന ഹര്‍ജി നല്‍കി.

എന്റെ സ്വത്തുക്കള്‍ എന്റെ മക്കള്‍ക്ക്
വിവാഹത്തിനു ശേഷം അഞ്ചുകൊല്ലം കഴിഞ്ഞാണ് എന്‍െ്‌റ കുടുംബ ഭൂമിയില്‍ ഞങ്ങള്‍ വീടുപണി തുടങ്ങിയത്. അക്കാലത്ത് എനിക്ക് ടൂറിസ്റ്റ് വാന്‍ ഉണ്ടായിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫിചെയ്തും നല്ല വരുമാനമുണ്ടാക്കിയിരുന്നു. ഭാഗ്യലക്ഷ്മി അന്നു ഫീല്‍ഡില്‍ ഉയര്‍ന്നു വരികയായിരുന്നു. എന്റെ ഓഫീസിലെ എഞ്ചിനീയര്‍മാരാണ് പ്ലാന്‍ തയ്യാറാക്കിയത്. സമ്പാദ്യം കൂടാതെ എന്റെ പി.എഫില്‍ നിന്നും മറ്റും വായ്പയെടുത്താണ് വീടുപണി പൂര്‍ത്തിയാക്കിയത്. പിന്നീട് ഒരിക്കല്‍ വീട് അവരുടെ പേരില്‍ എഴുതിനല്‍കിയാല്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാം എന്നുപറഞ്ഞു. ഇളയ മകന്റെ പേരിലായിരുന്നു ഞാന്‍ വീട് എഴുതി വെച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വീട് അന്യാധീനപ്പെടുമെന്ന് ഭയന്ന് ഞാന്‍ അതു റദ്ദാക്കി.

അതിന്റെ പേരില്‍ മകനെക്കൊണ്ട് എനിക്കെതിരേ കേസ് കൊടുപ്പിച്ചു. എന്റെ സ്വത്തുക്കള്‍ എന്റെ രണ്ടു മക്കള്‍ക്കുമുള്ളതാണ്. അതിന് കേസിന്റെ ആവശ്യമില്ല. അവര്‍ക്കുവേണ്ടി ഞാനിത് കാത്തു സൂക്ഷിക്കുകയാണ്. 2001ല്‍ ഞാന്‍ തിരിച്ച് പോന്നതിനുശേഷവും പലതവണ അവരെ വിളിച്ചിരുന്നു. പ്രശ്‌നങ്ങള്‍ നമുക്ക് ചര്‍ച്ചചെയ്തു പരിഹരിക്കാമെന്നു ഞാന്‍ പറഞ്ഞു. എന്റെ ഭാഗത്ത് തെറ്റുകളുണ്ടെങ്കില്‍ ഞാനത് തിരുത്താന്‍ തയ്യാറായിരുന്നു. എന്നാല്‍ അവര്‍ അതിനോട് നല്ല രീതിയിലായിരുന്നില്ല പ്രതികരിച്ചത്.

പ്രണയം വിനയായി
പ്രണയം മഹത്തായ വികാരമാണ്. എന്നാല്‍ ഒരു സ്ത്രീയുടെ പ്രണയ ചാപല്യം ഭര്‍ത്താവിന്റേയും മക്കളുടേയും ജീവിതം തന്നെ തകര്‍ത്താല്‍ അതിനെ എന്തു പറയും.അതിനുള്ള തിരിച്ചടി ജീവിതം തന്നെ അവര്‍ക്കു കൊടുത്തു. സ്വന്തം കുടുംബം തകരാതിരിക്കാന്‍ അയാള്‍ വിവേകം കാണിച്ചു. സിനിമാരംഗത്ത് ചുവടുറപ്പിക്കാനും ബന്ധങ്ങള്‍ ഉണ്ടാക്കാനുമുള്ള ഉപകരണം മാത്രമായിരുന്നു അയാള്‍ക്കു ഭാഗ്യലക്ഷ്മി. അതു തിരിച്ചറിയാതിരുന്നതിന് സ്വന്തം ജീവിതം തന്നെ അവര്‍ക്ക് വിലകൊടുക്കേണ്ടി വന്നു.
പ്രണയം നഷ്ടപ്പെട്ടതുകൊണ്ടാണ് ഭാഗ്യലക്ഷ്മി അതു തുറന്നു പറയാന്‍ തയ്യാറായതെന്നു തോന്നുന്നില്ല. അവരുടെ ബന്ധത്തെക്കുറിച്ച് അറിയാവുന്നവര്‍ക്കിടയിലുള്ള പ്രചരണമാവാം ഉദ്ദേശിച്ചത്.

പുസ്തകത്തില്‍ പലയിടത്തും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് നേരിടേണ്ടിവരുന്ന അവഗണനയെക്കുറിച്ച് ഭാഗ്യലക്ഷ്മി വാചാലയാവുന്നുണ്ട്. അതിന്റെ പേരില്‍ പലരേയും കുറ്റപ്പെടുത്തുന്നു. അതിനുള്ള അവകാശം അവര്‍ക്കുണ്ടോ എന്നു സംശയമുണ്ട്. അവരുടെ തെറ്റുകളും പാളിച്ചകളും മനസിലാക്കാന്‍ അവര്‍ ശ്രമിക്കാറില്ല. ഭാഗ്യലക്ഷ്മി പുരസ്‌കാരങ്ങള്‍ നേടിയ മണിച്ചിത്രത്താഴിലെ ശോഭനയുടെ ഡബ്ബിംഗില്‍ തമിഴ് ഡയലോഗുകള്‍ പറഞ്ഞിരിക്കുന്നത് വേറൊരു കലാകാരിയാണ്. അവര്‍ക്ക് നന്ദിപ്രകാശിപ്പിക്കാനോ പേരു പരാമര്‍ശിക്കാന്‍ പോലുമോ ഭാഗ്യലക്ഷ്മി ശ്രമിച്ചിട്ടില്ല.

ഞാന്‍ മനസിലാക്കിയിടത്തോളം പലകാര്യങ്ങളും ഒളിച്ചുവെക്കുകയോ പെരുപ്പിച്ചു കാട്ടുകയോ ആണ് പുസ്തകത്തില്‍ ചെയ്തിരിക്കുന്നത്. എന്റെ കാഴ്ചപ്പാടില്‍ ആത്മകഥ ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ വിവരണമാവണം. അതുവഴി അടുത്ത തലമുറയ്ക്ക് മാതൃകയാക്കാവുന്ന നല്ല സന്ദേശം നല്‍കാന്‍ കഴിയണം. അതാണു വായനക്കാര്‍ പ്രതീക്ഷിക്കുന്നതും. സ്വരഭേദങ്ങളില്‍ അങ്ങനെ എന്താണ് മറ്റുള്ളവര്‍ക്ക് പകരാന്‍ കഴിഞ്ഞതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
@ Kerala Live News

shortlink

Related Articles

Post Your Comments

Related Articles


Back to top button