ന്യൂഡല്‍ഹി: അസാനി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലേയ്ക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍, വിശാഖപട്ടണം തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ 23 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി വിശാഖപട്ടണം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.
നാല് എയര്‍ ഏഷ്യ വിമാനവും സര്‍വീസ് റദ്ദാക്കി. ആന്ധ്രാപ്രദേശിലും ഒഡിഷയിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച വൈകീട്ടോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60–70 കിലോമീറ്ററായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍, മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ ആഴക്കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍, കേരളത്തിലെ 9 ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
Post Your Comments