Latest NewsNewsIndia

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നവവധുവും കൂട്ടാളികളും അറസ്റ്റില്‍

വിവാഹം കഴിഞ്ഞിട്ടും നവവധു കാമുകനുമായി അവിഹിത ബന്ധം തുടര്‍ന്നു, ബന്ധത്തിന് തടസ്സമായ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ യുവതി കൊല ആസൂത്രണം ചെയ്തു

ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം, ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നവവധുവും കാമുകനും അടങ്ങുന്ന സംഘം അറസ്റ്റില്‍. തെലങ്കാനയിലെ സിദ്ധിപ്പേട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഏപ്രില്‍ 28നു നടന്ന കൊലപാതകം പത്ത് ദിവസത്തിന് ശേഷമാണ് പുറത്തറിഞ്ഞത്. കൊലപാതകവുമായി ബന്ധപ്പെട്ട് നവവധുവും കാമുകനും ഉള്‍പ്പെടെ ആറു പേരാണ് പിടിയിലായത്. സിദ്ധിപ്പേട്ട് സ്വദേശി കെ.ചന്ദ്രശേഖര്‍ (24) കൊല്ലപ്പെട്ട കേസില്‍ ഭാര്യ ശ്യാമള (19), കാമുകന്‍ ശിവകുമാര്‍ (20), ഇയാളുടെ സുഹൃത്തുക്കളായ രാകേഷ്, രഞ്ജിത്ത്, ബന്ധുക്കളായ സായ് കൃഷ്ണ, ഭാര്‍ഗവ് എന്നിവരാണ് അറസ്റ്റിലായത്.

Read Also:ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം: ഐഡിയൽ കൂൾ ബാർ ഉടമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തന്റെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ശ്യാമള പുറത്ത് പറഞ്ഞത്. ഇത് ബന്ധുക്കള്‍ ഉള്‍പ്പെടെ വിശ്വസിച്ചു. എന്നാല്‍, സംഭവത്തില്‍ സംശയം തോന്നിയ ചന്ദ്രശേഖറിന്റെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ഭര്‍ത്താവിനെ താനും കാമുകനും കൂട്ടാളികളും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന് ശ്യാമള പൊലീസിനോടു സമ്മതിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷമായി, ശ്യാമളയും ശിവകുമാറും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ബന്ധുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച 23ന് ചന്ദ്രശേഖറിനെ വിവാഹം ചെയ്തു. ഇതിനുശേഷവും, ശിവകുമാറുമായുള്ള ബന്ധം തുടര്‍ന്ന ശ്യാമള, ഭര്‍ത്താവിനെ ഒഴിവാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഏപ്രില്‍ 19ന് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഭക്ഷ്യവിഷബാധയാണെന്ന സംശയത്തില്‍ വിദഗ്ധ ചികിത്സ തേടിയ ചന്ദ്രശേഖര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന്, ഏപ്രില്‍ 28ന് മറ്റൊരു പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി തന്നെയും കൂട്ടി ക്ഷേത്രത്തില്‍ പോകാന്‍ ചന്ദ്രശേഖറിനോട് ശ്യാമള ആവശ്യപ്പെട്ടു. എന്നാല്‍, വഴിയില്‍ വെച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഇവര്‍ സഞ്ചരിച്ച ബൈക്ക്, ശിവകുമാറും കൂട്ടാളികളും കാറിലെത്തി തടഞ്ഞു. ചന്ദ്രശേഖറിനെ കായികമായി കീഴടക്കിയശേഷം ശ്യാമള കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആറു പേരെയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button