തൃശ്ശൂർ: തൃശ്ശൂർ പൂരം കുടമാറ്റത്തിനുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ വി.ഡി. സവർക്കറിന്റെ ചിത്രമുള്ള കുടകൾ പ്രദർശനത്തിൽ നിന്നും നീക്കം ചെയ്തു. ഇനി ഈ കുടകൾ ഉപയോഗിക്കില്ലെന്നാണ് വിവരം. സവർക്കറിന്റെ ചിത്രം ആലേഖനം ചെയ്ത സ്പെഷ്യൽ കുടകൾ പാറമേക്കാവ് ദേവസ്വം ഉൾപ്പെടുത്തിയതിനെതിരെ സോഷ്യൽ മീഡിയയിൽ ഇടത്, ലീഗ് കോൺഗ്രസ് അനുകൂലികളുടെ വിമർശനം ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള കെ രാജനും സർക്കാറിന്റെ അതൃപ്തി ദേവസ്വത്തെ അറിയിച്ചതിന് പിന്നാലെയാണ് നടപടി. ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയിൽ സ്വാതന്ത്ര്യ സമര സേനാനികൾക്കും നവോത്ഥാന നായകർക്കുമൊപ്പമാണ് സവർക്കറും ഉണ്ടായിരുന്നത്.
‘സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവര്‍ക്കറുടെ ചിത്രം ആലേഖനം ചെയ്ത കുട നിര്‍മ്മിച്ചത് തെറ്റാണ്’ എന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിറക്കി.
പൂരത്തെ വര്‍ഗീയവത്ക്കരിക്കുകയാണെന്നും ആരോപണമുയര്‍ന്നു. എന്നാൽ, ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ നിന്നാണ് ചിത്രമെടുത്തതെന്നാണ് പാറമേക്കാവ് ദേവസ്വം അധികൃതര്‍ പറയുന്നത്. അന്‍പതോളം സെറ്റ് കുടകളാണ് പൂരത്താനായി പാറമേക്കാവ് നിര്‍മ്മിച്ചത്.
Post Your Comments