അമ്മമാർക്കുള്ള സൈബർ സുരക്ഷാ ബോധവൽക്കരണ പരിശീലനത്തിന് വയനാട് ജില്ലയിൽ തുടക്കമായി. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് അമ്മമാർക്ക് ക്ലാസ് നൽകുന്നത്. സർക്കാറിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലെ അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവൽക്കരണ പരിശീലനം നൽകുന്നത്.
ഈ വർഷം 12,000 അമ്മമാരെ സൈബർ സുരക്ഷയെപ്പറ്റി പരിശീലിപ്പിക്കുക എന്നതാണ് ലക്ഷ്യം. ജില്ലയിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന 69 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളാണ് സൈബർ സുരക്ഷാ പരിശീലനത്തിന് നേതൃത്വം നൽകുക.
Also Read: കുത്തനെ ഉയർന്ന് സിഎൻജി വില
രക്ഷിതാക്കൾക്ക് പലർക്കും ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയാത്തതിനാൽ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരം ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. മാറുന്ന കാലത്തെ സൈബർ സാങ്കേതിക വിദ്യയുടെ പ്രായോഗിക തലങ്ങൾ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ അമ്മമാരെ പരിചയപ്പെടുത്തുക, കുരുക്കിൽ പെടാതെ സുരക്ഷിതമായി മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാനുള്ള അറിവ് പകരുക എന്നതാണ് ബോധവൽക്കരണ പരിശീലന പരിപാടിയുടെ പ്രാഥമിക ലക്ഷ്യം.
ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സമൂഹമാധ്യമങ്ങളിൽ ഏതൊക്കെ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കാം, ഓൺലൈൻ ഷോപ്പിംഗ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഓൺലൈൻ പെയ്മെന്റ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ഓർക്കേണ്ടവ തുടങ്ങി വിവിധ വിഷയങ്ങളിൽ അധിഷ്ഠിതമായാണ് അമ്മമാർക്ക് ക്ലാസ്സ് നൽകുന്നത്. മെയ് 20ന് പരിശീലന ക്ലാസ് സമാപിക്കും.
Post Your Comments