അഹമ്മദാബാദ്: മുത്തലാഖ് ചൊല്ലിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിൽ മുത്തലാഖ് ചൊല്ലിയ കേസിലെ പ്രതി ഹെബാത്പൂർ സ്വദേശിയായ സർഫറാസ് ഖാൻ ബിഹാരിക്കാണ് ബനസ്‌കന്ദയിലെ പാലൻപൂർ കോടതി ശിക്ഷ വിധിച്ചത്. ഒരു വർഷത്തെ തടവു വിധിക്കപ്പെട്ട പ്രതി, 5000 രൂപ പിഴയും അടയ്‌ക്കണം. ജുനീനഗരി സ്വദേശിനിയായ ഷെഹനാസ്ബാനുവിന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇയാൾ ഒരു ഹിന്ദു സ്ത്രീയുമായി അടുപ്പത്തിലാവുകയും ഒരു കുട്ടി ജനിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഭാര്യയായ ഷെഹനാസ് ബാനുവിനെ ഇയാൾ മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്നും പുറത്താക്കുന്നത്. തുടർന്ന്, യുവതി പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
2019 ൽ മുത്തലാഖ് നിയമം പാസായെങ്കിലും, ഈ നിയമത്തിന് കീഴിൽ ആദ്യമായാണ് ഒരാൾ ശിക്ഷിക്കപ്പെടുന്നത്. ഇയാൾക്ക് ശിക്ഷ ലഭിച്ചതിനെത്തുടർന്ന് യുവതി മോദി സർക്കാരിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപു വരെ, ഏകപക്ഷീയമായ വിവാഹമോചനം കാരണം മുസ്ലിം സ്ത്രീകൾ കടുത്ത വിവേചനമാണ് അനുഭവിച്ചിരുന്നത്. എന്നാൽ, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതോടെ, ഈ പ്രവണത ഏതാണ്ട് അവസാനിച്ചിട്ടുണ്ട്.
Post Your Comments