Latest NewsKeralaNews

200 വര്‍ഷത്തെ ചരിത്ര പാരമ്പര്യവുമായി തൃശൂർ പൂരം: തൃശൂരിനും പറയാനുണ്ട് ചില കഥകൾ…

ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.

തൃശൂര്‍: തൃശൂര്‍ പൂരത്തിൻ്റെ ഒരുക്കങ്ങള്‍ അണിയറയില്‍ സജീവം. 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യവുമായി തൃശൂർ പൂരം നിറഞ്ഞ് ആടുകയാണ്. കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.

Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി

ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. 1796-ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ (1796 മേയിൽ – 971 മേടം) തൃശൂർ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ്.

ദേശക്കാരാണ് ഇരു ക്ഷേത്രങ്ങളിലും കൊടിയുയര്‍ത്തുക. പാറമേക്കാവില്‍ വലിയപാണിക്ക് ശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിനിര്‍ത്തി നാട്ടുകാര്‍ കൊടിയുയര്‍ത്തും. ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന്‍ കൊടി മരത്തില്‍ ആല്, മാവ് എന്നിവയുടെ ഇലകളും ദര്‍ഭപ്പുല്ല് എന്നിവ കൊണ്ട് അലങ്കരിക്കും. ക്ഷേത്രത്തില്‍ നിന്നു നല്‍കുന്ന മഞ്ഞനിറത്തില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിയുയര്‍ത്തുക. കൊടിയേറ്റത്തിനു ശേഷം ക്ഷേത്രത്തിലെ പാല മരത്തിലും മണികണ്ഠനാലിലും കൊടിയുയരും. തുടര്‍ന്ന് അഞ്ചു ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടക്കും. ക്ഷേത്രമുറ്റത്ത് വലിയ പാണികൊട്ടി അവസാനിച്ചാല്‍ പെരുവനം കുട്ടന്‍മാരാര്‍ ചെമ്പടമേളം തുടങ്ങും. എഴുന്നള്ളിപ്പിനു ശേഷം വടക്കുനാഥ ക്ഷേത്ര കൊക്കര്‍ണിയില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ആറാട്ടും നടത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button