തേഞ്ഞിപ്പാലം: അന്യമതത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച് പോലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പോലീസുകാർ നിർബന്ധിച്ച് വീട്ടിലേക്ക് തിരിച്ചയച്ചതായി പരാതി. മിശ്രവിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ച് പെൺകുട്ടി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. കാമുകനായ നിസാമുദ്ദീനോടൊപ്പമായിരുന്നു യൂണിവേഴ്സിറ്റി സ്വദേശിനിയായ പെൺകുട്ടി സ്റ്റേഷനിലെത്തിയത്. എന്നാൽ, പോലീസ് പെൺകുട്ടിയെ ഉപദേശിച്ച് വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. തേഞ്ഞിപ്പാലം പോലീസിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ഒരാഴ്ച്ച മുന്‍പായിരുന്നു സംഭവം. തനിക്കൊപ്പമെത്തിയ കാമുകിയെ പോലീസുകാർ വീട്ടിലേക്ക് തിരിച്ചയച്ചുവെന്ന് യുവാവ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്നലെ കാമുകനായ നിസാമുദ്ദീൻ സുഹൃത്തായ ഡിവൈഎഫ്ഐ നേതാവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി. ഡിവൈഎഫ്ഐയുടെ പള്ളിക്കല്‍ ലോക്കല്‍ സെക്രട്ടറി ഹണിലാൽ സംഭവത്തെ കുറിച്ച് പോലീസിനോട് അന്വേഷിച്ചെങ്കിലും നിഷേധഭാവമായിരുന്നു ഇവർക്കെന്നാണ് യുവാവ് പറയുന്നത്. ഹണിലാലിനെ പോലീസ് മർദ്ദിച്ചെന്നും ആരോപണമുയരുന്നുണ്ട്.
Also Read:കാബിനറ്റ് റാങ്കിൽ സമ്പത്തിന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കിയ കോടികളുടെ കണക്ക് പുറത്ത്
വിവാഹകാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നും, പെണ്‍കുട്ടിയുടെ കൈയ്യിലുള്ള മൊബൈല്‍ ഫോണിലേക്ക് വിളിക്കാം എന്നുമുള്ള ഉറപ്പ് നല്‍കിയാണ് പെണ്‍കുട്ടിയെ പൊലീസ് വീട്ടിലേക്ക് തിരിച്ചയച്ചതെന്നാണ് നിസാമുദ്ദീന്‍ പറയുന്നത്. ഒരാഴ്ച്ചയായി പെണ്‍കുട്ടി എവിടെയാണെന്നുള്ള ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് ഡിവൈഎഫ്ഐ നേതാവിനോടൊപ്പം നിസാമുദ്ദീന്‍ സ്റ്റേഷനിലെത്തിയത്. ഹണിലാലും പൊലീസും തമ്മില്‍ നടന്ന വാക്ക് തര്‍ക്കത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
Post Your Comments