ജയ്പൂർ : ജിൻഡാൽ സോ ലിമിറ്റഡിന് ഖനനത്തിനായി നൽകിയ വസ്തുവിൽ മസ്ജിദ് ഉണ്ടെന്ന രാജസ്ഥാൻ വഖഫ് ബോർഡിന്റെ അപ്പീൽ സുപ്രീംകോടതി തള്ളി. ഖനനത്തിനു നൽകിയ ഭൂമിയിലെ ഇടിഞ്ഞു വീഴാറായ കെട്ടിടം പൊളിക്കാൻ അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ തള്ളിയത്.
‘പൊളിഞ്ഞുവീഴാറായ മതിലോ കെട്ടിടമോ ഒന്നും മസ്ജിദായി കാണാനാകില്ല, കെട്ടിടം ഒരു പള്ളിയായി ഉപയോഗിച്ചതിന് ഒരു സമയത്തും തെളിവില്ല. പ്രാർത്ഥനയോ നിസ്‌കാരമോ നടത്തുന്നതിന് ഇതിന് ഒരു വിശുദ്ധ വേദിയുടെ പദവി നൽകാനുമാവില്ല’ – സുപ്രീം കോടതി വിധിയിൽ പറഞ്ഞു. കൂടാതെ, കെട്ടിടം മുസ്ലീം പള്ളിയാണെന്ന് തെളിയിക്കാൻ റവന്യൂ രേഖകളൊന്നും ഇല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കെട്ടിടം ജീർണ്ണാവസ്ഥയിലാണെന്നും മേൽക്കൂരയില്ലാതെ, ചെടികൾ പടർന്ന് പിടിച്ചതാണെന്നും ഇത് നിസ്‌കരിക്കാൻ ഉപയോഗിച്ചതിന് തെളിവില്ലെന്നും വിധിയിൽ പറയുന്നു.
1963-ൽ രാജസ്ഥാൻ സംസ്ഥാനത്തിലെ വഖഫ് സർവേ കമ്മീഷണർ ഒരു സർവേ നടത്തുകയും ‘കലന്ദരി മസ്ജിദ് ഓഫ് തിരംഗ’ (മസ്ജിദ) എന്ന് പ്രഖ്യാപിക്കുകയും അത് വഖഫ് സ്വത്താക്കി മാറ്റുകയും ചെയ്തു. തുടർന്ന്, 2012-ൽ അഞ്ജുമാൻ കമ്മിറ്റി അപ്പീൽ ബോർഡ് ചെയർമാന് കത്തെഴുതി. അതിൽ, വില്ലേജ് പൂരിലെ തിരംഗ കുന്നിലെ ഖലന്ദരി മസ്ജിദ് എന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് ഒരു മതിലും കെട്ടിടവും ഉണ്ടെന്നും എന്നാൽ, അവിടെ ഇന്നുവരെ ആരും നിസ്‌കരിക്കുന്നതായി കണ്ടിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കി.
തുടർന്ന്, ജിൻഡാൽ സോ ലിമിറ്റഡിന് ഭൂമി ഖനനത്തിനായി വിട്ടു നൽകി . ഇതിനെതിരെ വഖഫ് ബോർഡ് ഹൈക്കോടതിയിൽ ഹർജി നൽകി, ഖനനസ്ഥലത്തെ ഘടന പള്ളിയാണോ അല്ലയോ എന്ന് വിലയിരുത്താൻ വിദഗ്ധ സമിതി രൂപീകരിച്ചു. കെട്ടിടം പള്ളിയല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ, 2010 ഡിസംബറിൽ ജിൻഡാൽ സോ ലിമിറ്റഡിന് അനുവദിച്ച പാട്ട വ്യവസ്ഥകൾ പ്രകാരം ഖനനം തുടരാൻ ഹൈക്കോടതി അധികാരം നൽകി. ഇതിനെതിരെയാണ്, വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. സർവേ നമ്പർ 6731 പൊതുഭൂമിയാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments