തിരുവനന്തപുരം: അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. കൗമാരക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന മൊബൈൽ ആപ്പുകൾ വഴിയുളള വായ്പ്പാ തട്ടിപ്പുകൾ വ്യാപകമായതോടെയാണിത്. നിയമവരുദ്ധ പണമിടപാട് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിൻമേൽ കർശന നിയമനടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സാധാരണക്കാർക്ക് അനായാസം നൽകാൻ കഴിയുന്ന കെ.വൈ.സി രേഖകൾ മാത്രം സ്വീകരിച്ച് എളുപ്പത്തിൽ വായ്പ ലഭ്യമാക്കിയാണ് ഇത്തരം മൊബൈൽ ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. മൈബൈൽ ഫോണുകളിൽ ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉൾപ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകൾ നേടും. അത്യാവശ്യക്കാർ വായ്പ ലഭിക്കാനായി അവർ ചോദിക്കുന്ന വിവരങ്ങൾ നൽകി പണം കൈപ്പറ്റും.
3000 രൂപ വായ്പയായി എടുത്താൽ വിവിധ ചാർജുകൾ കഴിച്ച് 2200 നും 2600 നും ഇടയിലുളള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടിൽ ഉടനടി ലഭിക്കും. ഏഴ് ദിവസമാണ് തിരിച്ചടവ് കാലാവധി. കാലാവധി കഴിയുന്ന ദിവസം മുഴുവൻ തുകയും തിരികെ അടയ്ക്കാൻ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടൻ ഉപഭോക്താവിൻറെ കോണ്ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച് ലോൺ എടുത്തയാൾ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് തീരുമാനിക്കുകയാണ് പതിവ്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സമ്മർദ്ദം ചെലുത്തുന്നതോടെ വായ്പ എടുത്തയാൾ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു. തട്ടിപ്പിനിരയായവർ പരാതി നൽകാൻ മടിക്കുന്നതായാണ് കണ്ടുവരുന്നത്. ഈ സാഹചര്യത്തിലാണ് ഡി ജി പി ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചത്.
Post Your Comments