ലിവിവ് : ഉക്രൈൻ അധിനിവേശം നടക്കുന്ന സാഹചര്യത്തിൽ ഏവരെയും അമ്പരപ്പിച്ച് ഉക്രൈൻ സന്ദർശനം നടത്തി ഹോളിവുഡ് താരം ആഞ്ജലീന ജോളി. ലിവിവ് പ്രദേശത്താണ് ആഞ്ജലീന സന്ദർശനം നടത്തിയത്. ലിവീവ് റീജിയണൽ ഗവർണർ മാക്‌സിം കോസിറ്റ്‌സ്‌കിയാണ് ഇക്കാര്യം അറിയിച്ചത്. അഭയാർത്ഥികൾക്കായുള്ള യുഎൻ സമിതിയിൽ 2011 മുതൽ ആഞ്ജലീന പ്രത്യേക പ്രതിനിധിയാണ്. ഇതിന്റെ ഭാഗമായാണ് സന്ദർശനം എന്നാണ് സൂചന.
ലിവിവിൽ എത്തിയ താരം ഏപ്രിൽ ആദ്യ വാരം ക്രാമാറ്റോർസ്ക് റെയിൽവേ സ്റ്റേഷനിലുണ്ടായ മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ടു. അവർക്കാവശ്യമായ സഹായങ്ങൾ താരം വാഗ്ദാനം ചെയ്തു. കുട്ടികളോടൊപ്പം കുറച്ച് സമയം ചിലവഴിച്ചു. കുട്ടികളുടെ അവസ്ഥ അവരെ വേദനിപ്പിച്ചു എന്നും അവരുടെ സ്വപ്നങ്ങളെ കുറിച്ച് ചർച്ചകൾ നടത്തിയെന്നും ഗവർണർ അറിയിച്ചു.
‘അവരുടെ ഈ സന്ദർശനം ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. അപ്രതീക്ഷിതമായിരുന്നു. ലിവിവ് മേഖലയിൽ താരത്തെ കണ്ട പലർക്കും അത് ശരിക്കും അവരാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല . എന്നാൽ, ഫെബ്രുവരി 24 മുതൽ, അവിശ്വസനീയമായ ഒരുപാട് കാര്യങ്ങൾ ഇവിടെ ഉണ്ടെന്ന് ഉക്രൈൻ ലോകത്തെ മുഴുവൻ കാണിച്ചു. അവരടക്കമുള്ളവർ കൂടെയുണ്ടെന്ന് മനസിലാകുന്നു’, ഗവർണർ വ്യക്തമാക്കി.
Post Your Comments