പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിനിടെ ഇടിമിന്നലില്‍ മൈക്ക് തകരാറിലായി. ഇതേ തുടര്‍ന്ന്, പരിപാടി നിര്‍ത്തിവെച്ചു. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടന പ്രസംഗം നടത്തുമ്പോഴായിരുന്നു സംഭവം. ഇടിമിന്നലിനിടെ പ്രസംഗപീഠത്തില്‍ ചെറിയതോതില്‍ ഷോക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി പെട്ടെന്ന് കൈ പിന്‍വലിച്ചു. വേദിക്ക് താഴെ ശബ്ദ സംവിധാനത്തിനൊരുക്കിയിരുന്ന ബോക്‌സില്‍ നിന്നും പുക ഉയരുകയുമുണ്ടായി.
തുടര്‍ന്ന്, തകരാറിലായ ബോക്‌സും ഉപകരണങ്ങളും ഉടന്‍ മാറ്റി. മഴ കുറഞ്ഞതോടെ സെമിനാര്‍ പുനരാരംഭിക്കുകയും ചെയ്‌തു. സംസ്ഥാന സമ്മേളനത്തില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഘടനയെ നിയന്ത്രിക്കുന്നത് റഹീം, റിയാസ്, എസ് സതീഷ് കോക്കസ് ആണെന്ന് പൊതു ചര്‍ച്ചയില്‍ പ്രതിനിധി നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു.
മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതില്‍ സംഘടനയുടെ കേന്ദ്ര നേതൃത്വം നിഷ്‌ക്രിയമാണെന്ന് ചൂണ്ടിക്കാട്ടലുകളുണ്ടായി. കോന്നി എംഎല്‍എ ജനീഷ് കുമാര്‍ പതിവായി ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനേയും പ്രതിനിധികള്‍ വിമര്‍ശിച്ചിരുന്നു.
ഇതേക്കുറിച്ച് മന്ത്രിയുടെ പ്രതികരണം, ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരെ ഒരു വിമര്‍ശനവും ഉയര്‍ന്നിട്ടില്ലെന്നായിരുന്നു. പൊതു മരാമത്ത് പണികളില്‍ കൊള്ളലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്ന കോക്കസാണ് വിവാദത്തിന് പിന്നിലെന്നും ഇത് കുസൃതിയായി മാത്രമേ കാണുന്നുള്ളൂവെന്നുമാണ് മന്ത്രി പറഞ്ഞത്. ഇന്നലെ ആരംഭിച്ച ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.
Post Your Comments