ഹോങ്കോങ്ങ്: ലോകത്തിലെ ഏറ്റവും വലിയ നീല രത്നം വിറ്റുപോയത് 57.5 മില്യൺ യുഎസ് ഡോളറിന്. ഡി ബീർസ് കള്ളിനൻ എന്ന നീല രത്നക്കല്ലാണ് റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ വിൽപ്പന നടന്നത്. ബുധനാഴ്ചയാണ് ലേലം നടന്നത്.
ദക്ഷിണാഫ്രിക്കയിലെ കള്ളിനൻ ഖനിയിൽ നിന്നാണ് കഴിഞ്ഞ വർഷം ഈ രത്നക്കല്ല് കണ്ടെടുത്തത്. 15.10 ക്യാരറ്റുള്ള ഈ രത്നക്കല്ലിന് വേണ്ടി ശക്തമായ ലേലമാണ് നടന്നത്. അതീവ സമ്പന്നരായ നാല് പേർ തമ്മിൽ അവസാനത്തെ എട്ട് മിനിറ്റ് നടന്ന ലേലംവിളി ആവേശജനകമായിരുന്നുവെന്ന് പ്രസ് റിലീസ് റിപ്പോർട്ട് പറയുന്നു.
ഒടുവിൽ, പേര് വെളിപ്പെടുത്താൻ തയ്യാറാവാത്ത ഒരു സമ്പന്നൻ മൊബൈൽഫോൺ വഴി ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. ഹോങ്കോങ്ങിലെ സോത്ബൈ കമ്പനിയായിരുന്നു ലേലത്തിന് നടത്തിപ്പുകാർ. 48 മില്യൻ ഡോളർ വില ലഭിക്കുമെന്ന് പ്രതീക്ഷിച്ച രത്നമാണ് 57.5 മില്യൺ ഡോളറിന് വിറ്റു പോയത്.
Post Your Comments