കോഴിക്കോട്: കോഴിക്കോട് വൻ ലഹരി വേട്ട. നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. വടകര പുതുപ്പണം സ്വദേശികളായ പുനത്തിൽ മീത്തൽ പി.എം. ഷംസീർ, വയലിൽ വീട്ടിൽ അൽത്താഫ് എന്നിവരാണ് പിടിയിലായത്. കാറിൽ കടത്താൻ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. നാദാപുരം ഡി.വൈ.എസ്.പി. ടി.പി. ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.
കാറിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കാറിന്റെ ഡിക്കിയിൽ മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച 1200 പാക്കറ്റ് പാൻ മസാല ഉത്പ്പന്നങ്ങൾ പ്രതികളുടെ പക്കൽ നിന്നും പോലീസ് പിടികൂടി. 500 പാക്കറ്റ് കൂൾ ലിപ്പ്, 700 പാക്കറ്റ് ഹാൻസുമാണ് പിടികൂടിയത്. മംഗലാപുരത്ത് നിന്നാണ് പുകയില ഉത്പ്പന്നങ്ങൾ എത്തിക്കുന്നതെന്ന് ഷംസീർ പോലീസിന് മൊഴി നൽകി.
നാദാപുരം, കല്ലാച്ചി, പുറമേരി, കക്കട്ട്, വില്യാപ്പള്ളി, വടകര ഭാഗങ്ങളിൽ കടകളിലും, സ്‌ക്കൂൾ, കോളജ് പരിസരങ്ങളിലുമാണ് ഇവ വിതരണം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. കാർ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. എസ്.സി.പി.ഒ. കെ ലതീഷ്, സദാനന്ദൻ വള്ളിൽ, കെ.പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Post Your Comments