കൊച്ചി: ഇറച്ചിവെട്ടുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ എഎ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനാണ് അറസ്റ്റിലായത്. മുസ്ലീം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ ഇബ്രാഹിംകുട്ടിയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മകന്റെ അറസ്റ്റ്. കേസിലെ പ്രധാന പ്രതിയും സിനിമാ നിർമ്മാതാവുമായ കെ പി സിറാജുദ്ദീനാണ് ഷാബിന് വേണ്ടി സ്വർണ്ണം അയച്ചു കൊടുക്കുന്നതെന്നാണ് വിവരം.
സിറാജുദ്ദീൻ നിലവിൽ വിദേശത്ത് ഒളിവിലാണെന്നാണ് റിപ്പോർട്ട്. കേസിൽ രണ്ടാംപ്രതിയായ ഷാബിൻ ആണ് സ്വർണ്ണക്കടത്തിന് വേണ്ടി പണം നിക്ഷേപിച്ചത് എന്ന തെളിവുകൾ കസ്റ്റംസിന് ലഭിച്ചിരുന്നു. കസ്റ്റംസ് സംഘം ഇന്നലെ രാത്രി കൊച്ചിയിൽ നിന്നാണ് ഷാബിനെ കസ്റ്റഡിയിൽ എടുത്തത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഇയാളെ വിശദമായ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകിട്ടോടു കൂടി ഷാബിനെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഷാബിൻ ഉൾപ്പെട്ട സംഘത്തിന്റെ സ്വർണ്ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. വിശദമായ പരിശോധനയിൽ ഷാബിന്റെ പങ്ക് കസ്റ്റംസ് കണ്ടെത്തുകയും, ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തുകയും, ഷാബിന്റെ പാസ്പോർട്ട്, ലാപ്ടോപ്പ് തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവ പരിശോധിച്ചതിൽ നിന്നാണ് ഷാബിൻ വലിയൊരു സ്വർണ്ണക്കടത്തിന്റെ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയത്.
നേരത്തേയും, ഇതുപോലെ ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ ഇറച്ചിവെട്ട് യന്ത്രം അടക്കമുള്ളവ ഷാബിനും മറ്റു കക്ഷികളും ഇറക്കുമതി ചെയ്തിരുന്നതായാണ് വിവരം. ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവിൽ സ്വർണ്ണം കടത്തുന്നു എന്ന വിവരത്തെതുടർന്നാണ് കസ്റ്റംസ് യന്ത്രം പരിശോധിച്ചത്. തുടർന്ന് സ്വർണ്ണം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്വർണ്ണം വാങ്ങാനെത്തിയ നകുൽ എന്നയാളെ കസ്റ്റംസ് നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു.
Post Your Comments