ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആസാം സന്ദർശിക്കും. രാവിലെ 11 മണിയോടു കൂടിയാണ് അദ്ദേഹത്തിന്റെ കാര്യപരിപാടികൾ ആരംഭിക്കുക. ദിഫുവിൽ സമാധാന, ഐക്യ,വികസന റാലിയെ അഭിസംബോധന ചെയ്തുള്ള പ്രസംഗമാണ് പരിപാടികളിൽ ആദ്യത്തേത്.
വിദ്യാഭ്യാസ മേഖലയിൽ നിരവധി പദ്ധതികൾക്ക് നരേന്ദ്രമോദി ഇന്ന് ശിലാസ്ഥാപനം നടത്തും. ദിഫുവിലെ വെറ്ററിനറി കോളേജ്, പടിഞ്ഞാറൻ കർബി അനങ്ങ്ലോങ്ങിലെ ഡിഗ്രി കോളേജ്, കൊലോങ്ങയിലെ കാർഷിക കോളേജ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇന്ന് തുടക്കം കുറിക്കുക. ആകെ മൊത്തം 500 കോടി രൂപയുടെ പദ്ധതികളാണ് ഇവ.
ആസാം സന്ദർശന പദ്ധതികൾക്കിടെ ഏതാണ്ട് 2,950 അമൃത സരോവർ പദ്ധതികൾക്കും പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തും. 1,150 കോടി രൂപയാണ് ഈ പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. ആസാമിലെ ആറോളം തീവ്രവാദ സംഘടനകളുമായി സർക്കാർ സമാധാന സന്ധിയൊപ്പിട്ടത് ഈ അടുത്ത കാലത്താണ്. ഈ മേഖലയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ തങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പരാമർശത്തിലൂടെ വ്യക്തമാക്കി.
Post Your Comments