KeralaLatest NewsEntertainment

‘ഡിപ്രഷന്‍ ആണെന്ന് പറഞ്ഞ് എന്നെക്കാണാന്‍ വന്ന ആളാണ്’, ബലാത്സംഗ പരാതിയില്‍ വിജയ് ബാബുവിന്‍റെ പ്രതികരണം

ഈ കുട്ടി എനിക്ക് അയച്ച 400 ഓളം സ്‌ക്രീന്‍ ഷോട്ടുകള്‍ എന്റെ കയ്യില്‍ ഉണ്ട്. ബലാത്സംഗം ആണോ സമ്മതപ്രകാരമാണോ എന്നുള്ളതിന്, ഇന്ന് ഉച്ച മുതല്‍ ഇരുന്ന് ഈ റെക്കോര്‍ഡ് നോക്കുകയായിരുന്നു. എല്ലാം എന്റെ കയ്യിലുണ്ട്

എറണാകുളം: തനിക്കെതിരെ ഉയര്‍ന്ന ബലാത്സംഗ പരാതിയില്‍ പ്രതികരണവുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ബുധനാഴ്ച പുലര്‍ച്ചെ ഫേസ്ബുക്ക് ലൈവിലെത്തിയാണ്, വിജയ് ബാബു തനിക്കെതിരായ ആരോപണത്തില്‍ പ്രതികരിച്ചത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇപ്പോൾ, പരാതിക്കാരിക്കെതിരെ എഫ്ബി ലൈവിലൂടെ പേര് പോലും വെളിപ്പെടുത്തി തുറന്നടിച്ചിരിക്കുകയാണ് വിജയ് ബാബു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

വിജയ് ബാബുവിന്റെ ഫേസ്‌ബുക്ക് വീഡിയോ ഇങ്ങനെ, 

‘നമുക്ക് എതിരെ ഒരു പരാതി വരുമ്പോഴേ ഗൗരവം മനസിലാകുകയുള്ളൂ. എനിക്ക് ഈ കാര്യങ്ങളില്‍ വലിയ പേടിയില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതി. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടും ഇര ഞാനായത് കൊണ്ടും എന്റെ പേര് നേരത്തെ പുറത്ത് വന്നു. എന്തുകൊണ്ട് മറ്റൊരു കക്ഷിയുടെ പേര് പുറത്ത് വന്നുകൂട. ആ കക്ഷിയുടെ പേര് പുറത്ത് കൊണ്ടുവരണം. അവര്‍ മാത്രം കേക്കും കഴിച്ച് സന്തോഷമായി ഇരുന്നാല്‍ പോരല്ലോ. എന്റെ കുടുംബം, എന്റെ അമ്മ, എന്റെ ഭാര്യ, എന്റെ സുഹൃത്തുക്കള്‍, എന്നെ സ്‌നേഹിക്കുന്നവര്‍ എല്ലാം അനുഭവിക്കുന്ന ദുഃഖം ഞാന്‍ അനുഭവിക്കുമ്പോള്‍, അപ്പുറത്ത് നിയമത്തിന്റെ പരിരക്ഷയില്‍ സുഖമായിട്ടിരിക്കുന്നു എന്ന് പറയുമ്പോള്‍ എവിടുത്തെ ന്യായമാണ്.

ഇര ഉണ്ടാവുമ്പോ അട്ടയുണ്ടാവുമല്ലോ. നമ്മള്‍ ഒരിക്കലും നന്നായിരിക്കുമ്പോള്‍ അവനെ എങ്ങനെയെങ്കിലും താഴ്ത്തിക്കെട്ടാം എന്നുള്ള രീതിയില്‍ അട്ടകള്‍ വരും. എന്റെ ഹോം എന്ന സിനിമയില്‍ നായികയായി അഭിനയിച്ച കുട്ടിയാണ്. 2018 മുതല്‍ ഈ കുട്ടിയെ അറിയാം. 2021 വരെ ഞാനുമായി ഈ കുട്ടി ഒരു ചാറ്റും നടത്തിയിട്ടില്ല. ശരിയായ രീതിയില്‍ ഓഡീഷന്‍ വഴി സിനിമയില്‍ വന്ന കുട്ടിയാണ്. അന്നും കുട്ടിയുമായി എനിക്ക് ഒരു ബന്ധവുമില്ല അഞ്ച് വര്‍ഷമായി ഈ കുട്ടിയെ അറിയാം. മീറ്റു എന്നതിന് ഇതൊരു ബ്രേക്ക് ആവട്ടെ. അതുകൊണ്ടാണ് ലൈവ് വരാന്‍ തീരുമാനിച്ചത്.

സെറ്റില്‍ ഉണ്ടായ കാര്യങ്ങള്‍ എന്റെ ആളുകള്‍ പറയും. കണ്‍ട്രോളര്‍ മുതല്‍ ഇങ്ങോട്ട് ഉള്ള അഭിനേതാക്കള്‍ വരെ പറയും. എനിക്ക് കുട്ടിയുമായി ഒരു ബന്ധവുമില്ല. എന്റെ ഒരു സിനിമയുടെ 100 ഡേ സെലിബ്രേഷനില്‍ ഈ കുട്ടി വന്നില്ല. എന്തുകൊണ്ട് വന്നില്ല എന്നറിയാന്‍ വിളിച്ചു. ടയര്‍ പഞ്ചറായി എന്നായിരുന്നു മറുപടി. ഇതിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം തനിക്ക് ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് സാറിനെ വന്നൊന്ന് കാണണം എന്ന് മറുപടി നല്‍കി. നവംബറിലാണ് പരിപാടി നടന്നത്. ഡിസംബര്‍ മുതല്‍ മെസേജ് അയക്കാന്‍ തുടങ്ങി. മാര്‍ച്ച് മുതല്‍ നേരില്‍ കാണാന്‍ തുടങ്ങി. വിവരങ്ങള്‍ പബ്ലിക്ക് ആക്കാന്‍ ഞാന്‍ തയ്യാറാണ്. അതിന്റെ പേരില്‍ എന്ത് കേസ് വന്നാലും നേരിടാന്‍ തയ്യാറാണ്.

ഈ കുട്ടി എനിക്ക് അയച്ച 400 ഓളം സ്‌ക്രീന്‍ ഷോട്ടുകള്‍ എന്റെ കയ്യില്‍ ഉണ്ട്. ബലാത്സംഗം ആണോ സമ്മതപ്രകാരമാണോ എന്നുള്ളതിന്, ഇന്ന് ഉച്ച മുതല്‍ ഇരുന്ന് ഈ റെക്കോര്‍ഡ് നോക്കുകയായിരുന്നു. എല്ലാം എന്റെ കയ്യിലുണ്ട്. എല്ലാം കഴിഞ്ഞ് വിജയ് ബാബു രക്ഷപ്പെട്ടു എന്ന് ചെറിയ വാര്‍ത്തയില്‍ വരാന്‍ എനിക്ക് താത്പര്യമില്ല. ഈ കേസും കൂടെ ഞാന്‍ എടുത്തോളാം. ഒന്നര വര്‍ഷത്തോളം ഞാന്‍ ഈ കുട്ടിക്ക് ഒരു മേസേജും അയച്ചിട്ടില്ല. ഇവര്‍ക്ക് ഡിപ്രഷന്‍ ആണെന്ന് പറഞ്ഞ് എന്നെക്കാണാന്‍ വന്ന ആളാണ്. അതിന് ശേഷം ഇവരയിച്ചിരിക്കുന്ന എല്ലാ മെസേജും എന്റെ കയ്യിലുണ്ട്. അതിന് ശേഷം ഉണ്ടായ കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയുന്നില്ല. ഇവിടെ ഇര ഞാനാണ്.

ഈ കുട്ടി അങ്ങനെ സുഖിച്ച് അങ്ങനെയങ്ങോട്ട് അങ്ങ് പോവണ്ട. ഞാന്‍ കൗണ്ടര്‍ കേസും മാനനഷ്ടക്കേസും ഫയല്‍ ചെയ്യും. ഫാമിലിയും പിന്നില്‍ നിന്നവരും മറുപടി പറയേണ്ടി വരും. വെറുതേ വിടാന്‍ ആലോചിക്കുന്നില്ല. മീറ്റുവിന് പുതിയൊരു ചാപ്റ്റര്‍ ആവട്ടെ. നമുക്ക് കാണാം. ഫൈറ്റ് ചെയ്യാം. എല്ലാത്തിനും തുടക്കം കുറിച്ച ആളെന്ന നിലയില്‍ ഞാന്‍ ഇതിനും തുടക്കം കുറിക്കുന്നു.’

അതേസമയം, വിഷയത്തെ സംബന്ധിച്ച് വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു മലയാള സിനിമാ ലോകത്ത് കാലുറപ്പിച്ചത്. പിന്നീട്, നടനായിട്ടെത്തിയ ഇദ്ദേഹം വിവിധ സിനിമകളിൽ വേഷമിട്ടിരുന്നു. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും എന്നീ ശ്രദ്ധേയ സിനിമകളുടെ നിർമ്മാതാവാണ്. 1983 ൽ സൂര്യൻ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button