ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ക്ഷേത്രം ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ്. ശിവന്റെ 5 പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ പഞ്ചകേദാരത്തിൽ ഒന്നായ തുംഗനാഥ്, ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം കൂടിയാണ്. ഏതാണ്ട് 12,000 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മൊബൈൽ നെറ്റ്‌വർക്ക് പോയിട്ട് കറണ്ട് പോലും ചെന്നെത്തിയിട്ടില്ലാത്ത സ്ഥലമാണ് തുംഗനാഥ്. ‘ഉയരങ്ങളുടെ നാഥൻ’ എന്നർത്ഥംവരുന്ന തുംഗനാഥ് മഹാദേവ ക്ഷേത്രം വളരെ മനോഹരമായ ചുറ്റുപാടുകളിലാണ് സ്ഥിതി ചെയ്യുന്നത്. 212 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ഋഷികേശാണ് ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇതാണ് മലയടിവാരം. ഋഷികേശ് നഗരത്തിൽ നിന്നുമാണ് ഹിൽറേഞ്ച് ആരംഭിക്കുന്നത്. ക്ഷേത്രദർശനം നടത്താൻ ആഗ്രഹിക്കുന്നവർ റോഡ് മാർഗം ചമോലി-ഗോപേശ്വർ വഴി ചോപ്ടയിലെത്തണം.
1970-കളിലെ ചെറിയൊരു നാൽക്കവലയെ അനുസ്മരിപ്പിക്കുന്ന ചെറിയൊരു ജനവാസ പ്രദേശമാണ് ചോപ്ട. ഇവിടെ നിന്നുമാണ് തുംഗനാഥ് ക്ഷേത്രത്തിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. ഏകദേശം നാല് കിലോമീറ്റർ കടുകട്ടിയായ കയറ്റം കയറിയാൽ മലമുകളിലുള്ള തുംഗനാഥ് ക്ഷേത്രത്തിലെത്താം. തദ്ദേശീയരായ ബ്രാഹ്മണരാണ് ഇവിടെ പൂജ ചെയ്യുന്നത്. ക്ഷേത്രത്തിനടുത്ത്, താമസ സൗകര്യങ്ങൾ ഒന്നും ലഭ്യമല്ല. അതിനാൽ തന്നെ അവിടെയുള്ള ചെറിയ വീടുകളിൽ എവിടെയെങ്കിലും പണം കൊടുത്ത് തങ്ങുകയാണ് അഭികാമ്യം. പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഇവിടെയുള്ളത്.
ചിത്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരെയായി അടുത്ത മലയുടെ മുകളിൽ ചന്ദ്രശില എന്നൊരു മുനമ്പുണ്ട്. ഭഗവാൻ ശ്രീരാമൻ തപസ്സു ചെയ്തിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഈ സ്ഥലം, ഇവിടെ നിന്നാൽ കാണാൻ കഴിയുന്ന സൂര്യോദയത്തിന്റെ ഭംഗി കൊണ്ട് പ്രശസ്തമാണ്. മഞ്ഞുകാലത്ത് ഇവിടം സന്ദർശിച്ചാൽ, മേഘങ്ങളെ തൊട്ടടുത്തെന്ന പോലെ കാണാൻ സാധിക്കുന്ന കാഴ്ച അതിമനോഹരമാണ്.
Post Your Comments