കോഴിക്കോട്: മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് പ്രതിഷേധം ശക്തം. പ്ലാന്റിനെതിരെ സംഘടിച്ച നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഹൈക്കോടതി അനുമതിയോടെ സ്ഥലത്ത് പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
രാവിലെ തന്നെ സ്ഥലം അളക്കാൻ ഉദ്യോഗസ്ഥരെത്തിയിരുന്നു. ഇതേ തുടർന്ന്, പ്രദേശവാസികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. ആദ്യ ഘട്ടത്തിൽ 35 ഓളം വരുന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം അതിർത്തി വേലി സ്ഥാപിക്കുന്നതിനായി വാഹനവുമായി എത്തിയപ്പോൾ നാട്ടുകാർ വാഹനം തടഞ്ഞു. പിന്നാലെ പോലീസ് പ്രതിഷേധക്കാരെ വീണ്ടും അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് ഇടപെട്ട് സർക്കാർ വാഹനം കടത്തിവിടുകയും ചെയ്തു.
മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തിയത്.
കല്ലായി പുഴയോരത്ത് മലിനജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടത്ത് പ്ലാന്റ് സ്ഥാപിക്കരുതെന്ന് നാട്ടുകാർ പറയുന്നു.
Post Your Comments