
വേനല്‍ച്ചൂടില്‍ നാടും നഗരവും ചുട്ടുപൊള്ളുമ്പോള്‍ മനസ് തണുപ്പിക്കാന്‍ മൂന്നാര്‍, സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൂന്നാറില്‍ തിരക്കേറുന്നു
വിനോദസഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന മൂന്നാറില്‍ മനസ്സു തണുപ്പിക്കുന്ന കുളിരാണ്. മൂന്നാറിന്റെ മനോഹാരിതയിലേക്കു സഞ്ചാരികളുടെ വരവും ആരംഭിച്ചു. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.
പകല്‍ച്ചൂട് 28 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണെങ്കിലും വൈകുന്നേരമാകുന്നതോടെ സുഖകരമായ കാലാവസ്ഥയാണ് ഇവിടെ. പുലര്‍കാല താപനില 8 ഡിഗ്രി വരെയാണ്. ഇടയ്ക്കു വേനല്‍മഴയും ലഭിക്കുന്നുണ്ട്.
2018ലെ പ്രളയത്തോടെ,മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവു കുറഞ്ഞിരുന്നു. തൊട്ടുപിന്നാലെ, കോവിഡിന്റെ വരവോടെ മൂന്നാറിലേയ്ക്കുള്ള സഞ്ചാരികളുടെ വരവും നിലച്ചു. എന്നാല്‍, ഇത്തവണ കോവിഡ് മാറിയതോടെ ടൂറിസം മേഖലയില്‍ വലിയ ഉണര്‍വാണു പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുന്‍വര്‍ഷങ്ങളെക്കാള്‍ ബുക്കിങ് കൂടിയതായി ബന്ധപ്പെട്ടവര്‍ പറയുന്നു. 500 രൂപ മുതലുള്ള താമസസൗകര്യം ലഭ്യമാണ്. മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, ടോപ് സ്റ്റേഷന്‍, കുണ്ടള, പെരിയവരൈ താഴ്‌വാരം എന്നിവ കൂടാതെ, വരയാടുകളുടെ വിഹാരകേന്ദ്രമായ രാജമലയും ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്.
Post Your Comments