കേരളം വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. പ്രകൃതി രമണീയമായ ഇടങ്ങൾക്കൊപ്പം ഒട്ടനവധി പുരാതന ക്ഷേത്രങ്ങളും കേരളത്തിന്റെ പ്രത്യേകതയാണ്. അത്തരം ആരാധാനാലയങ്ങളിൽ പലതും ഇന്ന് പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടിയാണ്. എ.ഡി. എട്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഒരു പുരാതന ക്ഷേത്രത്തിലേക്ക് യാത്ര നടത്താം.
നിർമ്മാണ രീതികൾ കൊണ്ട് ശ്രദ്ധേയമാണ് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് കവിയൂരിൽ സ്ഥിതി ചെയ്യുന്ന തൃക്കാക്കുടി ഗുഹാക്ഷേത്രം. തൃക്കവിയൂർ മഹാദേവക്ഷേത്രത്തിൽ നിന്നും ഒന്നരകിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പരസ്പരം അഭിമുഖമായി നിൽക്കുന്ന രണ്ട് പാറക്കെട്ടുകളിലൊന്നിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പല്ലവ രഥ ശിൽപ ശൈലിയിൽ ഒരൊറ്റ പാറയില്‍ കൊത്തിയെടുത്ത ഈ ക്ഷേത്രത്തിന് ചരിത്രപരമായും വാസ്തുപരമായും ഏറെ പ്രാധാന്യമുണ്ട്.
read also: കുറഞ്ഞ ചെലവിൽ അറബിക്കടലിലൂടെ ആഡംബരക്കപ്പല്‍ യാത്രയൊരുക്കി കെഎസ്ആര്‍ടിസി
മൂന്നരയടി പൊക്കത്തിൽ ഉള്ള വലിയ ശിവലിംഗമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. പാറ തുരന്ന് 20 അടി വ്യാസത്തിൽ നിർമ്മിച്ചിരിക്കുന്ന ഗർഭഗൃഹത്തിലേക്ക് കടക്കാനായി ഒരു അർദ്ധ മണ്ഡപവും മധ്യത്തിലായി കൽപടവുകളുമുണ്ട്. വടക്കേ ചുവരിൽ ഗണപതിയുടെയും തെക്കേ ചുവരിൽ ജഡാധാരിയായ മുനിയുടെയും ശിൽപങ്ങൾ ഉള്ള അർദ്ധ മണ്ഡപത്തിന്‍റെ ചുവരുകളിൽ ഇരുവശങ്ങളിലുമായി രണ്ട് ദ്വാരപാലക പ്രതിമകള്‍ കാണാം. ഇത്തരം ദ്വാരപാലക ശിൽപങ്ങൾ ഇന്ത്യയിൽ മറ്റൊരു സ്ഥലത്തും കാണാൻ കഴിയില്ല.
പാണ്ഡവരുടെ വനവാസകാലത്ത് നിർമ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്നാണ് ഒരു ഐതിഹ്യം. വനവാസകാലത്ത് നിത്യപൂജയ്ക്കായി അവര്‍ ഇവിടെ ശിവലിംഗ പ്രതിഷ്ഠ ചെയ്ത് ഗുഹാക്ഷേത്രം നിർമിച്ചുവെന്നാണ് വിശ്വാസം. എന്നാല്‍, ഒളിവില്‍ കഴിയുകയായിരുന്ന പാണ്ഡവര്‍ എവിടെയുണ്ടെന്ന് കൗരവർ തിരിച്ചറിഞ്ഞു. അക്കാര്യം മനസ്സിലാക്കിയ പാണ്ഡവര്‍ക്ക് സ്ഥലംമാറി പോകേണ്ടിവന്നു. ഇക്കാരണത്താലാണ് ക്ഷേത്ര നിർമ്മാണം ഇന്നും പൂര്‍ത്തിയാകാതെ കിടക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തിന്‍റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്. ഈ അപൂർവ ശിവക്ഷേത്രം സന്ദർശിക്കാൻ സഞ്ചാരികൾ എത്താറുണ്ട്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.
Post Your Comments