പനാജി: ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കിരണ്‍ കന്‍ഡോല്‍ക്കറുടെ ഭാര്യയും നിയമസഭ സ്ഥാനാര്‍ത്ഥിയുമായ കവിത കന്‍ഡോല്‍ക്കറാണ് അവസാനമായി പാര്‍ട്ടി വിട്ടിരിക്കുന്നത്. കവിതയുടെ കൊഴിഞ്ഞുപോക്ക് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കവിതയ്ക്ക് പിന്നാലെ, കിരണും മറ്റ് അംഗങ്ങളും പാർട്ടി വിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ, സംസ്ഥാന കമ്മിറ്റി ഉടൻ പുനഃസംഘടിപ്പിക്കാനൊരുങ്ങുകയാണ് പാർട്ടി.
ഫെബ്രുവരി 14ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കളാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. തന്നോടൊപ്പമുള്ള പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഒരു പാര്‍ട്ടിയായി സ്വീകരിക്കരുതെന്നാവശ്യപ്പെട്ടതിനാല്‍ താന്‍ രാജി വെയ്ക്കുന്നു എന്നായിരുന്നു കവിതയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പായി പ്രശാന്ത് കിഷോര്‍ നയിക്കുന്ന ഐപാക് പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കിയില്ലെന്നും കവിത പറഞ്ഞു.
Also Read:കശ്മീരില്‍ ജെയ്‌ഷെ ഭീകരരെ പിടികൂടി സൈന്യം
‘ടാക്‌സി ഓപ്പറേറ്റര്‍മാര്‍, പ്രസ് ഉടമകള്‍, മറ്റ് കച്ചവടക്കാരെല്ലാവരും അവര്‍ക്ക് നല്‍കാനുള്ള പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് കയറി വരികയാണ്. അതുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന് തീരുമാനിച്ചു’, കവിത അറിയിച്ചു.
മാര്‍ഗോ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന മഹേഷ് അമോങ്കര്‍ ആണ് ആദ്യം തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരു ദിവസം മുമ്പാണ് അമേഷ് പാര്‍ട്ടി വിട്ടത്. ഫലം വന്നതിന് ശേഷം നിരവധി പേരാണ് പാര്‍ട്ടി വിട്ടത്. അടുത്തിടെ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ടിക്കറ്റിൽ തിവിം മണ്ഡലത്തിൽ നിന്ന് കവിത മത്സരിച്ചിരുന്നു. അവരുടെ ഭർത്താവ് കിരൺ കണ്ടോൽക്കർ അൽഡോണ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു. എന്നാൽ, ഇരുവർക്കും വിജമുറപ്പിക്കാൻ സാധിച്ചില്ല.
Post Your Comments