ആരോഗ്യത്തോടെ ജീവിക്കാൻ ആഗ്രഹം തോന്നാത്തവരുണ്ടോ? പാരമ്പര്യവും പരിതഃസ്ഥിതിയുമാണ് ആരോഗ്യത്തിനു നിദാനമായ ഘടകങ്ങൾ. ഭൗതീക പരിതഃസ്ഥിതി, സാമൂഹ്യ പരിതഃസ്ഥിതി, ജൈവ പരിതഃസ്ഥിതി എന്ന് പരിതഃസ്ഥിതി ഘടകങ്ങളെ മൂന്നായി തിരിക്കാം. ഇവ മൂന്നും ഒരുപോലെ പ്രാധാന്യം അർഹിച്ചതാണ്. രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാകാം. അവയിലൊന്ന്, നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ പരിഗണന നാം കൊടുക്കുന്നില്ല എന്നതാണ്. അശ്രദ്ധ ചിലപ്പോൾ നമ്മുടെ ജീവിതത്തെ തന്നെ ബാധിക്കാം. അത്തരത്തിൽ, വലുതല്ലെന്ന് നമ്മൾ കരുതി വിട്ടുകളയുന്ന ഒരു വിഷയമാണ് കടലാസിൽ പൊതിഞ്ഞെടുക്കുന്ന പലഹാര സാധനങ്ങൾ.
പലഹാര സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു നൽകുന്ന ശീലം ഭൂരിഭാഗം കടകളിലുമുണ്ട്. രണ്ടാമതൊരു ചോദ്യം ചോദിക്കാതെ നമ്മൾ അത് വാങ്ങി കഴിക്കാറുമുണ്ട്. പഴംപൊരി, ഉള്ളിവട തുടങ്ങിയ പലഹാര സാധനങ്ങൾ പത്രക്കടലാസ് കളയാതെ അവയിൽ വെച്ചുകൊണ്ട് തന്നെ കഴിക്കുന്നത് അത്ര ഗുണകരമായ കാര്യമല്ല. ഇതിൽ പതിയിരിക്കുന്ന അപകടം എന്താണെന്ന് അറിയാമോ? ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്ക് പേപ്പറില്‍ പൊതിഞ്ഞ് കൊടുക്കുമ്പോൾ, അമ്മമാർക്ക് പോലും അത് ദോഷമാണെന്ന കാര്യം അറിയില്ല.
അച്ചടിക്കായി പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസവസ്തുക്കളുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണത്തിനൊപ്പം ഇവയും ശരീരത്തിലെത്തും. രോഗവാഹകരായ സൂക്ഷ്മ ജീവികളുടെ സാന്നിധ്യവും പത്രക്കടലാസിൽ ഉണ്ടാകും എന്ന് നിസംശയം പറയാം. എണ്ണപ്പലഹാരങ്ങൾ കഴിക്കുമ്പോള്‍ പേപ്പര്‍ അലിഞ്ഞ് ഭക്ഷണത്തില്‍ ഒട്ടിപ്പിടിക്കും. ഭക്ഷണത്തിലൂടെ ഇതും ശരീരത്തിൽ എത്തും. ഇത്തരം ശീലങ്ങൾ മാറ്റിയില്ലെങ്കിൽ പിന്നീട് വിഷമിക്കേണ്ടി വരും.
അതേസമയം, രോഗങ്ങൾക്ക് പല കാരണങ്ങളുണ്ടാകും. രോഗാണുക്കൾ, പരാദങ്ങൾ എന്നിവയുടെ ആക്രമണം, പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം എന്നിവയെല്ലാം അതിൽ ഉൾപ്പെടും. അമിതാദ്ധ്വാനം, ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ, സുരക്ഷിതമല്ലാത്ത തൊഴിൽ, അമിത മാനസിക സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവയും രോഗാവസ്ഥയായി മാറാം. ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നതിലും പരമപ്രധാനമാണ് എന്നാണ് പറയുന്നത്. വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമല്ല, ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും മെച്ചപ്പെട്ട പരിസ്ഥിതിയുമാണ് ആരോഗ്യവും മൂല്യവും വർദ്ധിപ്പിക്കുന്നത് എന്നത് കൂടുതൽ സ്വീകാര്യമാവുകയാണ്.
Post Your Comments