എറണാകുളം: ജില്ലയിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി റവന്യൂ വകുപ്പിൽ താത്ക്കാലികമായി നിയമിച്ച എൽ.ഡി ക്ലാർക്കുമാർക്ക് നിയമന ഉത്തരവുകൾ കൈമാറി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ കൈമാറി.
ജില്ലയിലെ ആർ.ഡി. ഓഫീസുകളിലും താലൂക്ക്, വില്ലേജ് അടക്കമുള്ള മറ്റ് റവന്യൂ ഓഫീസുകളിലേക്കുമായി 150 പേർക്കാണ് നിയമനം നൽകിയത്. ചൊവ്വാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാനും അടിയന്തര പ്രാധാന്യത്തോടെ ഫയലുകൾ തീർപ്പാക്കാനും കളക്ടർ നിർദേശം നൽകി.
ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ബെന്നി മാത്യു തുടങ്ങിയവർ സംസാരിച്ചു. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെക്കുറിച്ചും ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വിവിധ നടപടിക്രമങ്ങളെക്കുറിച്ചും ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ് ഉദ്യോഗാർത്ഥികൾക്ക് പരിശീലന ക്ലാസ് നൽകി.
ജില്ലയിലെ എട്ട് സെൻ്ററുകളിലായി നടത്തിയ എഴുത്തുപരീക്ഷകൾ വഴിയാണ് എൽ.ഡി ക്ലാർക്കുമാരെ തെരഞ്ഞെടുത്തത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരുന്ന 2,622 പേർക്കായിരുന്നു പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റുകൾ അയച്ചിരുന്നത്. ഏപ്രിൽ ഒൻപതിന് നടന്ന പരീക്ഷയ്ക്ക് 1,794 ഉദ്യോഗാർത്ഥികളാണ് ഹാജരായത്. ഇതിൽ 457 പേരുടെ ചുരുക്കപ്പട്ടികയാണ് ആദ്യം തയാറാക്കിയത്. പിന്നീട് സർട്ടിഫിക്കറ്റ് പരിശോധനകളും സംവരണ മാനദണ്ഡങ്ങളും കണക്കാക്കിയാണ് 150 പേരെ തെരഞ്ഞെടുത്തത്. ആറ് മാസത്തേക്കാണ് നിയമനം.
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് റവന്യൂ വകുപ്പിലേക്ക് ഇത്തരത്തിലൊരു പരീക്ഷ നടന്നത്. മൂല്യനിർണയം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ അടക്കമുള്ള മുഴുവൻ നടപടിക്രമങ്ങളും തീർത്ത് നിയമന ഉത്തരവുകൾ വിതരണം ചെയ്യാൻ രണ്ടാഴ്ച സമയം മാത്രമാണ് എടുത്തത്. ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ജീവനക്കാരെയും കളക്ടർ അഭിനന്ദിച്ചു.
Post Your Comments