
ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതേതുടർന്ന്, യെമനി ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. വധശിക്ഷയില്‍നിന്ന് ഒഴിവാക്കാൻ ദയാധനം സംബന്ധിച്ച ചര്‍ച്ചകളാണ് ആരംഭിച്ചിട്ടുള്ളത്.
50 ദശലക്ഷം യെമന്‍ റിയാല്‍ (1.5 കോടി ഇന്ത്യന്‍ രൂപ) ആണ് കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടിട്ടുള്ളത്. റംസാന്‍ അവസാനിക്കുന്നതിന് മുന്‍പ് തീരുമാനം ഉണ്ടാകണമെന്നും റംസാന്‍ കഴിഞ്ഞാല്‍, കേസുമായി ബന്ധപ്പെട്ട രേഖകള്‍ യമന്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് പോകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ ‘സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ’ സംഘം, മോചനവുമായി ബന്ധപ്പെട്ട് അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ്, ദയാധനം സംബന്ധിച്ച് തലാല്‍ മുഹമ്മദിന്റെ കുടുംബം നിലപാട് വ്യക്തമാക്കിയത്.
Post Your Comments