കോവളം: സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ വന്ന യുവാവിനെ സംഘം ചേർന്ന് വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന അഞ്ചുപേരെ അറസ്റ്റു ചെയ്തു.
കോളിയൂർ വാഴത്തോട്ടം സ്വദേശികളായ അജിത്(23), പ്രണവ് (25), വെടിവച്ചാൻകോവിൽ അയണിമൂട് സ്വദേശി സുബിൻ (21), കോളിയൂർ ചരുവിള വീട്ടിൽ സുബിൻ (24), കോവളം മുട്ടയ്ക്കാട് സ്വദേശി അജിൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് മഴു, വെട്ടുകത്തികൾ എന്നിവ പിടിച്ചെടുത്തു.
തിരുവല്ലം പോലീസ് ആണ് ഇവരെ അറസ്റ്റു ചെയ്തത്. പള്ളിച്ചൽ സ്വദേശിയായ കിഷോറിനെ (26)യാണ് സംഘം പരിക്കേൽപ്പിച്ചത്. കൈയ്ക്കും കാലിനും വെട്ടേറ്റ ഇയാൾ ചികിത്സയിലാണ്. പത്താം തിയതി രാത്രി എട്ടോടെയാണ് സംഭവം. കോളിയൂർ ഗ്രൗണ്ടിനടുത്ത് സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയ കിഷോറിനെ സംഘം റോഡിൽ തള്ളിയിട്ട് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.
കിഷോറും പ്രതികളും തമ്മിലുള്ള മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു പരിക്കേൽപ്പിച്ചത്. കിഷോറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഒളിസങ്കേതങ്ങളിൽ നിന്ന് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോർട്ട് എസി.എസ്. ഷാജിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഡി ഗോപി, എസ്.ഐ. സതീഷ് കെ.ആർ, ഗ്രേഡ് എസ്.ഐ. എ മനോഹരൻ, സി.പി.ഒമാരായ ഷിജു, വിനയൻ, അഖിലേഷ്, ബിജു, ശ്യാം എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Post Your Comments