കട്ടപ്പന: മൂക്കിനുള്ളിൽ നിന്നും രക്തം വരുമ്പോൾ പലരും അതിനെ അവഗണിക്കാറുണ്ട്. അത്തരത്തിൽ, മൂക്കിൽ നിന്നും രക്തം വന്ന പ്രാരംഭഘട്ടത്തിൽ വേണ്ടത്ര പരിഗണന നൽകാതെ പിന്നീട് ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്ന ഒരു യുവാവിന്റെ വാർത്ത കഴിഞ്ഞ ദിവസം ശ്രദ്ധേയമായിരുന്നു. തോട്ടിൽ വെച്ച് മുഖം കഴുകവേ യുവാവിന്റെ മൂക്കിനുള്ളിൽ കയറിയത് കുളയട്ടയായിരുന്നു. മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ഇതിനെ ജീവനോടെ പുറത്തെടുത്തത്. കട്ടപ്പന പള്ളിക്കവല വാലുമ്മേല്‍ ഡിപിന്‍ ഏബ്രഹാം (38) ആണ് കുളയട്ട മൂലം വലഞ്ഞത്. ഡിപിന്റെ വലതു മൂക്കിലാണ് കുളയട്ട കയറിയത്. 4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ടയെ ആണ് പുറത്തെടുത്തത്.
മൂന്നാഴ്ച മുന്‍പാണ് ഡിപിന് പല അസ്വസ്ഥതകളും അനുഭവപ്പെടാന്‍ തുടങ്ങിയത്. വലത് മൂക്കിലൂടെയും വായിലൂടെയും ഇടയ്ക്ക് രക്തം വന്നിരുന്നു. രക്തം വരുന്നത് യുവാവ് അത്ര കാര്യമാക്കിയില്ല. എന്നാല്‍, ദിവസങ്ങൾ കഴിയവേ ശ്വസനം ബുദ്ധിമുട്ടായി വന്നു. ശക്തമായ മൂക്കടപ്പും നേരിട്ടു. ഇതോടെ ആശുപത്രിയില്‍ എത്തി പരിശോധന നടത്താൻ ഡിപിൻ തീരുമാനിച്ചു. എന്‍ഡോസ്‌കോപ്പി ചെയ്തു നോക്കിയെങ്കിലും പ്രശ്നമൊന്നും കണ്ടെത്തിയില്ല. ഇതോടെ ഡോക്ടര്‍ 5 ദിവസത്തെ മരുന്ന് നല്‍കി വിട്ടു.
Also Read:പത്ത് ദിവസം തുടര്‍ച്ചയായി മുന്തിരി ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ
എന്നാല്‍, 3 ദിവസത്തിന് ശേഷവും മാറ്റം ഉണ്ടായില്ല. ഇതോടെ മറ്റൊരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരവും മൂന്ന് ദിവസം മരുന്ന് കഴിച്ചു. എന്നിട്ടും പ്രയോജനമുണ്ടായില്ല. പിന്നാലെ 7 ദിവസം ആയുര്‍വേദവും പരീക്ഷിച്ചു. എന്നാൽ, മരുന്നുകൾക്കൊന്നും വേദന കുറയ്ക്കാനോ രക്തം വരുന്നത് നിർത്താനോ കഴിയാതെ വന്നതോടെ, കഴിഞ്ഞ തിങ്കളാഴ്ച പള്ളിക്കവലയിലെ ഡോ ജോസ് കുര്യന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ ഇവര്‍ ചികിത്സയ്ക്ക് എത്തി. മൂക്കിലെ ചര്‍മം പൊട്ടിയിരിക്കുന്നതും രക്തം വരുന്നതുമാണ് ആദ്യ പരിശോധനയില്‍ കണ്ടെത്തിയത്. വീണ്ടും പരിശോധന നടത്തിയപ്പോഴാണ് മൂക്കിനുള്ളില്‍ എന്തോ അനങ്ങുന്നതായി കണ്ടത്. തുടര്‍ന്ന് 4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ടയെ പുറത്തെടുക്കുകയായിരുന്നു.
ഇതുകൊണ്ടൊക്കെയാണ് മൂക്കിനുള്ളിൽ നിന്നും രക്തം വരുമ്പോൾ തന്നെ കൃത്യമായ ചികിത്സ തേടണം എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതിപ്പോൾ, കുളയട്ട കയറിയത് മൂലമുണ്ടായ രക്ത പ്രവാഹം ആയിരുന്നു. എന്നാൽ, ചിലരിൽ അത് മറ്റ് കാരണങ്ങൾ കൊണ്ടും സംഭവിക്കാറുണ്ട്. നിസാരമായ പരുക്കുകള്‍ മുതല്‍, ഗൗരവതരമായ അസുഖങ്ങള്‍ വരെ പല കാരണങ്ങള്‍ കൊണ്ട് മൂക്കില്‍ നിന്നു രക്തസ്രാവം ഉണ്ടാകാം. ഉയര്‍ന്ന രക്തസമ്മര്‍ദം, മൂക്കിന്റെയും മൂക്കിലെ രക്തക്കുഴലുകളുടെയും ഘടനാപരമായ കാരണങ്ങള്‍, ചെറിയ മുഴകള്‍ പോലുള്ള അസുഖങ്ങളില്‍ തുടങ്ങി കാന്‍സര്‍ വരെ, മൂക്കിലെ ശസ്ത്രക്രിയകള്‍, മദ്യപാനം എന്നിവയെല്ലാം മൂക്കിൽ നിന്നും രക്തം വരാൻ കാരണമാകാറുണ്ട്. അതുകൊണ്ട്, ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ വേണ്ട ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
Post Your Comments