ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍, ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം. ലഷ്‌കര്‍-ഇ-ത്വയ്ബയില്‍ സജീവ പ്രവര്‍ത്തകനും കൊടും ഭീകരനുമായ യൂസഫ് കാന്‍ട്രൂ ഉള്‍പ്പടെ രണ്ട് പേരെയാണ് സൈന്യം വധിച്ചത്. 2020ല്‍ ബിഡിസി ചെയര്‍മാന്‍ ആയിരുന്ന സര്‍ദാര്‍ ഭൂപേന്ദര്‍ സിംഗിനെ കൊലപ്പെടുത്തിയ ഭീകരനാണ് യൂസഫ് കാന്‍ട്രൂ എന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു.
നിരവധി സാധാരണക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൊലപാതകത്തിലും കശ്മീര്‍ പോലീസിലെ എസ്പിഒയും അദ്ദേഹത്തിന്റെ സഹോദരനും കൊല്ലപ്പെട്ട സംഭവത്തിലും, ലഷ്‌കര്‍ കമാന്‍ഡറായ യൂസഫിന് പങ്കുണ്ടെന്നാണ് വിവരം. ബഡ്ഗാമില്‍ സൈനികനും പ്രദേശവാസിയും കഴിഞ്ഞയിടയ്ക്ക് കൊല്ലപ്പെട്ട സംഭവത്തിലും യൂസഫിന് പങ്കുണ്ടെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.
ബാരാമുള്ളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍, നാല് സൈനികര്‍ക്കും ഒരു പോലീസുകാരനും പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് മൂന്ന് ഭീകരര്‍ കൂടിയുണ്ടെന്നാണ് വിവരം. ബാരാമുള്ളയിലെ പരിസ്വാനി ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പിടിയിലായ ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.
Post Your Comments