കോഴിക്കോട്: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതികളെ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. കോയ റോഡ് ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തെളിവെടുപ്പ്.
മാത്തോട്ടം സ്വദേശി റസ്സൽബാബു എന്ന അമ്പാടിബാബു അരക്കിണർ സ്വദേശി ഹാരിസ് എന്നിവരെയാണ് വെള്ളയിൽ പോലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസും എ.സി.പി. ടി ജയകുമാറിന്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ കോയ റോഡ് പള്ളിക്ക് സമീപം സൃഹുത്തുമൊത്ത് സംസാരിച്ചു നിൽക്കുമ്പോൾ ബൈക്കിലെത്തിയ ഗുണ്ടാസംഘം മാരകായുധങ്ങളുമായി യുവാവിനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
2003-ലെ പ്രമാദമായ നടക്കാവ് ജയശ്രീ ബാങ്ക് കവർച്ച ഉൾപ്പെടെ പതിനാലോളം മോഷണ, മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് അമ്പാടി ബാബു. ഇതുവരെ കേസിൽ നാലുപേർ അറസ്റ്റിലായി.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ ഒളിവിൽ കഴിയുന്ന ബാക്കിയുള്ളവരെകുറിച്ചും ആക്രമണം ആസൂത്രണം ചെയ്തയാളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
അവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. സംഭവ സ്ഥലത്തെത്തിച്ചും, പ്രതികൾ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു.
Post Your Comments