പാലക്കാട്: എലപ്പുള്ളി പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ മൂന്നുപേർ പിടിയിലായതായി പോലീസ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും തിരിച്ചറിയല്‍ പരേഡ് ഉൾപ്പെടെ പൂര്‍ത്തിയാക്കാനുണ്ടെന്നും പോലീസ് അറിയിച്ചു. അതിനാല്‍ ഇവരുടെ പേരുകളും മറ്റ് വിശദാംശങ്ങളും നിലവില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസന്റെ കൊലപാതകത്തിൽ ആറു പ്രതികളെ തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാക്കറെ അറിയിച്ചു. ഇവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും രണ്ടു പേരെക്കൂടി തിരിച്ചറിയാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൾ എസ്‌ഡിപിഐ–പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരാണെന്നും പ്രതികളിൽ ചിലർ ഒളിവിലാണെന്നും എഡിജിപി അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ നിന്ന് പിതാവിനോടൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം നടന്ന് 24 മണിക്കൂർ തികയുന്നതിന് മുൻപ്, ശനിയാഴ്ച ഉച്ചയോടെ പാലക്കാട് മേലാമുറി ജംക്‌ഷന് സമീപമുള്ള കടയിൽ എത്തിയ അക്രമികൾ ശ്രീനിവാസനെ വെട്ടിവീഴ്ത്തുകയായിരുന്നു.
Post Your Comments