
ലണ്ടന്‍ : ഒന്ന് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികളെ മാത്രം ബാധിക്കുന്ന നിഗൂഢ കരള്‍ രോഗം യുഎസിലും യൂറോപ്പിലും വ്യാപിക്കുന്നു. യുകെയില്‍ ഇതുവരെ, 74ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസില്‍ സമാനമായ ഒന്‍പത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ച് ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, ഏഴ് പേരുടെ നില ഗുരുതരമാണെന്നും, ഇവരില്‍ കരള്‍ മാറ്റിവയ്ക്കേണ്ട സ്ഥിതിയുണ്ടായെന്നുമാണ് വിവരം.
രോഗത്തെക്കുറിച്ച് ഈ മാസം ആദ്യം, യൂറോപ്യന്‍ രാജ്യങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്തി. യുകെയ്ക്കും യുഎസിനും പുറമെ സ്പെയിനും അയര്‍ലന്‍ഡും സമാനമായ ഏതാനും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പറയുന്നു. കഴിഞ്ഞ ഒരു മാസമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ വര്‍ദ്ധനവും രോഗം ബാധിച്ചവരെ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുക്കുമ്പോള്‍, വരും ദിവസങ്ങളില്‍ സമാനമായ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറയുന്നത്.
ഹെപ്പറ്റൈറ്റിസ് അല്ലെങ്കില്‍ കരള്‍ വീക്കം പോലുള്ള പൊതുവായ കരള്‍ രോഗങ്ങളാണ് ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം രോഗങ്ങള്‍ക്ക് സാധാരണ കാരണമാകാറുള്ള ഹെപ്പറ്റൈറ്റിസ് ടൈപ്പ് എ, ബി, സി, ഇ വൈറസുകള്‍ ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.
Post Your Comments