ഹൈദരാബാദ്: ലാപ്‌ടോപ് പൊട്ടിത്തെറിച്ച് സോഫ്റ്റ് എന്‍ജിനിയറായ യുവതിക്ക് പൊള്ളലേറ്റു. ആന്ധ്രയിലെ വൈഎസ്ആര്‍ ജില്ലയിലാണ് സംഭവം. ബി കോഡൂര്‍ മണ്ഡലത്തിലെ മേകവാരി ഗ്രാമത്തിലെ സുമലതയ്ക്കാണ് പൊള്ളലേറ്റത്. ബെംഗളൂരു ആസ്ഥാനമായുള്ള മാജിക്ടെക് സൊല്യൂഷന്‍സില്‍ ജോലി ചെയ്യുകയാണ് 22 കാരിയായ യുവതി. ലാപ്‌ടോപ് പ്ലഗില്‍ കുത്തിയിട്ട് ജോലി ചെയ്യുന്നതിനിടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന്, തീ പടരുകയും യുവതി ഇരുന്നിരുന്ന കട്ടിലിന് തീപിടിക്കുകയും ചെയ്തു.
Read Also: ‘കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കണം’ : തീരുമാനം പിൻവലിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം
മുറിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ യുവതിയെ അടുത്തുള്ള സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്ക് 70-80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നില ഗുരുതരമായതിനെ തുടര്‍ന്ന്, മെച്ചപ്പെട്ട ചികിത്സയ്ക്കായി റിംസ് ആശുപത്രിയിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.
Post Your Comments