തിരുവനന്തപുരം: ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി ശനിയാഴ്ച്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ അനുഗമിക്കും, മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാം അടുത്ത ദിവസങ്ങളിൽ വ്യക്തതത ലഭിക്കും.
Read Also: പരസ്പര സഹകരണത്തിലൂടെയല്ലാതെ ലോകത്ത് ഒരു രാഷ്ട്രത്തിനും ഭരണ സംവിധാനത്തിനും നിലനിൽപ്പില്ല: കെ ടി ജലീൽ
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലെ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പൊതുഭരണവകുപ്പ് റദ്ദാക്കിയിരുന്നു. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. ഇക്കാര്യം വ്യക്തമാക്കി പൊതുഭരണ അക്കൗണ്ട്സ് വിഭാഗം പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഏപ്രിൽ 13 നാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കു പണം അനുവദിച്ച് ആദ്യ ഉത്തരവിറങ്ങിയത്. ചികിത്സയ്ക്കു ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാൻ മാർച്ച് 30 നാണ് മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയത്. തുടർന്നാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുടർപരിശോധനയിൽ, ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നൽകിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് അടയ്ക്കണമെന്നാണ് ആദ്യം ഇറക്കിയ ഉത്തരവിൽ നിർദേശിച്ചിരുന്നത്.
തുടർപരിശോധനയിൽ, ക്രമപ്രകാരമല്ലാതെ തുക മാറി നൽകിയതായി കണ്ടെത്തിയാൽ തിരിച്ചടയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നതും ഉചിതമല്ലെന്നാണ് സർക്കാർ വിലയിരുത്തൽ. വസ്തുതാപരമായ ഇത്തരം പിശകുകൾ ഉത്തരവിൽ കടന്നു കൂടിയത് കൊണ്ടാണ് ഉത്തരവ് റദ്ദ് ചെയ്യാൻ തീരുമാനിച്ചത്.
Post Your Comments