പാലക്കാട്: ആര്‍എസ്എസ് നേതാവ് എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പരിശോധന വ്യാപിപ്പിച്ച് പൊലീസ്. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പൊലീസ് റെയ്ഡില്‍ പത്ത് പേരെ കരുതല്‍ തടങ്കലിലാക്കി. കസബ, സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.
ആറ് പേര്‍, മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയില്‍ എത്തിയെന്നും മൂന്ന് പേര്‍ കടക്കുള്ളില്‍ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
അതേസമയം, പാലക്കാട് സംഘർഷം തടയാൻ തമിഴ്‌നാട് പൊലീസും. മൂന്ന് ദിവസത്തേക്കാണ് തമിഴ്‌നാട് പൊലീസിന്റെ സുരക്ഷാ വിന്യാസം. കോയമ്പത്തൂർ സിറ്റി പൊലീസിന്റെ മൂന്ന് കമ്പനി ഉൾപ്പെടെ 900 പൊലീസുകാരാണ് പാലക്കാട് എത്തുക. പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. ഈ മാസം 20 വരെയാണ് നിരോധനാജ്ഞ. പാലക്കാട് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
ഇന്നലെ ഉച്ചയോടെയായിരുന്നു, ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലെത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോർത്ത് കസബ സ്റ്റേഷൻ പരിധിയാലണ് സംഭവം.
Post Your Comments