
സ്റ്റോക്ക്‌ഹോം: സ്വീഡനില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ് പൊതുനിരത്തില്‍ വെച്ച് ഖുര്‍ആന്‍ കത്തിച്ചത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായി. തീവ്ര വലതുപക്ഷ പാർട്ടിയായ സ്ട്രാം കുർസിന്റെ നേതാവ് റാസ്മസ് പലൂദാന്‍ ആണ് ഇസ്‌ലാം മതസ്ഥര്‍ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്ന ഖുര്‍ആന്‍ പരസ്യമായി കത്തിച്ചത്. സ്വീഡനിലെ മുസ്ലിംങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് വെച്ചായിരുന്നു ഇയാളുടെ പ്രകോപനപരമായ നീക്കം.
റാസ്മസ് പലുദാൻ പോലീസിനൊപ്പം വ്യാഴാഴ്ച തെക്കൻ ലിങ്കോപിംഗിലെ ഒരു തുറസ്സായ പൊതുസ്ഥലത്ത് വെച്ചായിരുന്നു സംഭവം. തൊട്ടുപിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. 200 ഓളം പ്രകടനക്കാർ പ്രതിഷേധവുമായി ഇവിടെ തടിച്ചുകൂടി. വംശീയ വിദ്വേഷമുള്ള നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാണാവശ്യപ്പെട്ട് തടിച്ചുകൂടിയവർ പ്രതിഷേധിച്ചു. ഇവരുടെ ആവശ്യം പോലീസ് അവഗണിച്ചതോടെ, സംഘം പോലീസിന് നേരെ കല്ലെറിയുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
റാസ്മസ് പലൂദാന്‍ റോഡില്‍ വെച്ച് ഖുര്‍ആന്‍ കത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ സമീപത്തുണ്ടായിരുന്നവർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പോലീസിനോടും ഇവർ ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ, പോലീസ് ഇതിന് തയ്യാറായില്ല. 2019ലും റാസ്മസ് പലൂദാന്‍ ഇതുപോലെ ഖുര്‍ആന്‍ കോപ്പി കത്തിച്ചിരുന്നു. ഇതിന് പിന്നാലെ 2020 സെപ്റ്റംബറില്‍ രണ്ട് വര്‍ഷത്തേക്ക് സ്വീഡനിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ഇയാളെ വിലക്കിയിരുന്നു.
Post Your Comments