നിധി ഒളിഞ്ഞിരിക്കുന്ന കെ.ജി.എഫിന്റെ അധിപനാകുക… അതായിരുന്നു റോക്കിയുടെ സ്വപ്നം. അത്ര എളുപ്പമല്ലാത്ത ഒരു സ്വപ്നം. ‘മേ ഐ കം ഇന്‍’ എന്ന് പറഞ്ഞ് കയ്യിലൊരു തോക്കുമേന്തി റോക്കി ഭായ് കടന്നു വന്നത് പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം പിടിക്കാനായിരുന്നു. കെ.ജി.എഫിന്റെ നാഥനായി വളരുകയായിരുന്നു റോക്കിയുടെ ലക്ഷ്യം. റോക്കി ഭായിയുടെ കെ.ജി.എഫ് യാഥാർത്ഥ്യമായിരുന്നുവെന്ന് എത്ര പേർക്കറിയാം? അതെ, കെ.ജി.എഫ് ഒരു യാഥാർത്ഥ്യമാണ്, ചരിത്രമാണ്. കെ.ജി.എഫ് ചാപ്റ്റർ 2 തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുമ്പോൾ പലരും ഗൂഗിളിൽ പരതുന്നത് എന്താണ് കെ.ജി.എഫ് എന്നാണ്. ആ അന്വേഷണം അവസാനിക്കുക, കെ.ജി.എഫ് അഥവാ കോളാർ ഗോൾഡ് ഫീൽഡ്സിന്റെ ചരിത്രത്തിലാണ്?. പ്രശാന്ത് നീലിന്റെ കെ.ജി.എഫ് ചാപ്റ്റർ 1 ഇറങ്ങിയപ്പോൾ ഇതൊരു സാങ്കൽപ്പിക കഥ മാത്രമാകുമെന്ന് കരുതിയവർക്ക് തെറ്റി. അതൊരു കെട്ടുകഥയല്ല, ചരിത്രമാണ്. ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനിയാണ് കെ.ജി.എഫ്.
Also Read:സുബൈറിന്റെ കൊലപാതകം: ആര്‍എസ്എസിനെതിരെ ആരോപണവുമായി പോപ്പുലർ ഫ്രണ്ട്
ദക്ഷിണേന്ത്യയിലെ കർണാടകയിലെ കോലാർ ജില്ലയിൽ ബെംഗളൂരുവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഒരു ഖനന മേഖലയാണ് കോളർ ഗോൾഡ് ഫീൽഡ്സ് (KGF) (‘ലിറ്റിൽ ഇംഗ്ലണ്ട്’ എന്നും അറിയപ്പെടുന്നു). 2000 വർഷത്തിലേറെയായി അവിടെ സ്വർണ്ണം ഖനനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ചരിത്രം. സ്വർണ്ണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത് ഇന്ത്യയിലാണ്. ആ സ്ഥലമാണ് കർണാടകയിലെ കോളർ. അത്രയധികം പഴക്കം ചെന്ന കെ.ജി.എഫിന് സംഭവിച്ചതെന്ത്? സ്വർണ്ണ ഖനനത്തിന് പേരുകേട്ട ഈ സ്ഥലമാണ് ഇന്ന് തിയേറ്ററുകളിൽ റോക്കി ഭരിക്കുന്ന ‘കെ.ജി.എഫ്’.
മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനായിരുന്നു കെ.ജി.എഫിനെ നയിച്ചിരുന്നത്. ടിപ്പുവിന്റെ ഭരണക്കാലത്ത് ഈ ഖനിയിൽ നിന്ന് സ്വർണ്ണം ഖനനം ചെയ്യപ്പെട്ടിരുന്നു. ടിപ്പുവിന്റെ കയ്യിൽ നിന്നും പിന്നീട് ബ്രിട്ടീഷുകാർ ഈ ഖനി പിടിച്ചെടുത്തു. ഇതോടെയാണ് ഇതിനു കെ.ജി.എഫ് എന്ന പേര് വന്നത്. 1802-ൽ ലെഫ്റ്റനന്റ് ജോൺ വാറൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി സർവേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വർണ്ണ നിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നത്. 1873-ഓടെയാണ് ഇവിടെ ആധുനിക രീതിയിലുള്ള ഖനനം ആരംഭിച്ചത്. ജോൺ ടെയ്ലർ ആൻഡ് സൺസ് എന്ന ബ്രിട്ടീഷ് കമ്പനിയായിരുന്നു ഇവിടത്തെ ഖനന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ബ്രിട്ടീഷുകാർ പ്രവർത്തനം ഏറ്റെടുത്തതോടു കൂടി കെ.ജി.എഫിൽ സ്വർണ്ണ ഉൽപ്പാദനത്തിന്റെ അളവ് വർദ്ധിച്ചു.
Also Read:പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കെ.ജി.എഫിന്റെ ഉച്ചസ്ഥായിയിൽ 30000 ഖനിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും അധിവസിച്ചിരുന്നു. ഖനികൾ തുറന്നപ്പോൾ അത് വളരെ അപകടകരമായ ജോലിയായതിനാൽ പ്രദേശവാസികൾ അവിടെ ജോലി ചെയ്യാൻ വിമുഖത കാണിച്ചു. ഇതോടെ, തമിഴ്നാട്ടിൽ നിന്നുമുള്ള തൊഴിലാളികളെ കെ.ജി.എഫിലേക്ക് കൊണ്ടുവന്നു. ഇതോടെ, കെ.ജി.എഫിലെ മിക്ക ആളുകളും സംസാരിക്കുന്ന ഒരു പൊതുഭാഷയായി തമിഴ് മാറി. ഖനനം ചെയ്ത സ്വർണ്ണം ബിട്ടീഷുകാർ ഇംഗ്ലണ്ടിലേക്ക് അയച്ചു. നമ്മുടെ നാട്ടിലുള്ള സ്വത്തുക്കളെല്ലാം പരമാവധി ഊറ്റി എടുക്കുക എന്നതായിരുന്നല്ലോ ബ്രിട്ടീഷുകാരുടെ നയം. അവർ അത് തുടർന്നു. അങ്ങനെ, കെ.ജി.എഫിലെ സ്വർണ്ണം ബ്രിട്ടീഷ് ഓഹരി ഉടമയെ അവിശ്വസനീയമാം വിധം സമ്പന്നനാക്കി. അസമത്വം അപ്പോഴും കൊടികുത്തി വാണിരുന്നു.
സ്വർണ്ണം കുഴിച്ചെടുക്കുന്ന തൊഴിലാളികൾ ദാരിദ്ര്യം മാത്രം അനുഭവിച്ചു പോന്നു. ബ്രിട്ടീഷ് തൊഴിലാളികൾ സമ്പന്നതയുടെ കൊടുമുടിയിലായിരുന്നു. ബ്രിട്ടീഷുകാർ വിശാലമായ ബംഗ്ലാവുകളിൽ കഴിയുമ്പോൾ, ദരിദ്രരായ ഇന്ത്യൻ തൊഴിലാളികൾ ചെളി തറയുള്ള ഒറ്റമുറി കുടിലുകളിൽ താമസിച്ചു. ഖനികളിൽ ഏറ്റവും അപകടകരമായ ജോലികൾ ചെയ്തതും ഇന്ത്യൻ തൊഴിലാളികളാണ്. കോളർ ഗോൾഡ് എന്ന പേര് ബ്രിട്ടീഷുകാർക്ക് മാത്രമായിരുന്നു ‘സുവർണ്ണ’മായിരുന്നത്. ഒരുപാട് പ്രത്യേകതകളുള്ള ഭൂമിയുടെ, ഓരോ വ്യവസ്ഥിതിയ്ക്കു കീഴിലും അങ്ങേയറ്റം ചൂഷണം ചെയ്യപ്പെട്ട ഇന്ത്യൻ തൊഴിലാളികൾക്ക് അതൊന്നും സുവർണ്ണമായിരുന്നില്ല. കെ.ജി.എഫ് എന്ന ചരിത്ര മണ്ണിന് രണ്ട് കഥകളാണ് പറയാനുള്ളത്. ഒന്ന്, ബ്രിട്ടീഷുകാരുടെ ചൂഷണത്തിനും അടിമത്വത്തിനും ഇടയിൽപ്പെട്ട ഇന്ത്യൻ തൊഴിലാളികളുടെ നൊമ്പരപ്പെടുത്തുന്ന കഥ. മറ്റൊന്ന്, കാലക്രമേണ സുഖസൗകര്യങ്ങൾ അവരെയും തേടിയെത്തിയ കഥ.
ആദ്യമാദ്യം, ബ്രിട്ടീഷുകാർക്ക് മാത്രമായിരുന്നു പ്രത്യേക സൗകര്യങ്ങൾ ലഭ്യമായിരുന്നത്. ഖനന മേഖലയിൽ അവർ ആശുപത്രികൾ, സ്കൂളുകൾ, സോഷ്യൽ ക്ലബ്ബുകൾ, ബോട്ടിംഗ് തടാകം, ഗോൾഫ് കോഴ്സ്, നീന്തൽക്കുളം എന്നിവ സ്ഥാപിച്ചു. ഈ സൗകര്യങ്ങൾ ഒന്നും ഇന്ത്യൻ തൊഴിലാളികൾക്ക് സ്വപ്നത്തിൽ പോലും കാണാൻ സാധിക്കുമായിരുന്നില്ല. യൂറോപ്യൻ തൊഴിലാളികൾക്കായി കെ.ജി.എഫിൽ മികച്ച വൈദ്യസഹായം വരെ ലഭ്യമായിരുന്നു. എന്നാൽ, പതുക്കെ അവരും മാറി. സൗകര്യങ്ങൾ ഇന്ത്യൻ തൊഴിലാളികൾക്കും ലഭിച്ചു തുടങ്ങി. ‘സുവർണ്ണ’ കാലത്തിന്റെ ഭംഗി എന്തെന്ന് അവരും അറിഞ്ഞു. കെ.ജി.എഫിലെ പല സൗകര്യങ്ങളും അവർക്കനുഭവിക്കാനായി.
‘നാം ഭൂമിയിൽ എവിടെയായിരുന്നാലും, കെ.ജി.എഫ് നമ്മുടെ ആത്മാവിൽ അലിഞ്ഞ് ചേർന്നിട്ടുണ്ടാകും. ഈ സുവർണ്ണ നഗരത്തിലെ പൗരന്മാർക്ക് അഭിമാനിക്കാൻ ഒരുപാടുണ്ട് കാരണമൊന്നും വേണ്ട, ഒരു കാരണം മതി. അതെ, ഞങ്ങൾ കെ.ജി.എഫിന്റെ മക്കളാണ്. ഈ സുവർണ്ണ നഗരത്തിന്റെ മക്കളാണ് എന്നത് തന്നെയാണ് ഞങ്ങളുടെ അഭിമാനം’, ഡോ. എസ്. ശ്രീകുമാറിന്റെ ‘കോളർ ഗോൾഡ് ഫീൽഡ് – അൺഫോൾഡിങ് ദി അൺടോൾഡ്’ എന്ന പുസ്തകത്തിലെ ഈ വരികൾ സൂചിപ്പിക്കുന്നത്, അവർ എത്രയധികം സുഖസൗകര്യങ്ങയോടെയായിരുന്നു കെ.ജി.എഫിൽ കഴിഞ്ഞിരുന്നത് എന്നാണ്.
പിന്നീട്, കൂടുതൽ പട്ടണങ്ങൾ (സിവിൽ ഏരിയകൾ എന്നറിയപ്പെടുന്നു) വികസിപ്പിക്കുകയും ബ്രിട്ടീഷ് ഓഫീസർമാരുടെ പേരിടുകയും ചെയ്തു. കോളർ ഗോൾഡ് ഫീൽഡിൽ പ്രധാനമായും 8 ഖനികൾ ആയിരുന്നു ഉണ്ടായിരുന്നത്. അവ യഥാക്രമം, മൈസൂർ ഗോൾഡ് മൈൻ, ചാമ്പ്യൻ റീഫ് മൈൻ, ന്യൂഡ്ഡ്രോഗ് മൈൻ, ഊറെഗം മൈൻ, ടാങ്ക് ബ്ലോക്ക് മൈൻ, ബാലാഘട്ട് മൈൻ, കോറോമാണ്ടൽ മൈൻ, നൈൻ റീഫ് മൈൻ എന്നിങ്ങനെയായിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം, കെ.ജി.എഫ് ഇന്ത്യന്‍ സര്‍ക്കാരിന്റെ അധീനതയിലായി. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ലോകബാങ്കിൽ നിന്നും വായ്പ ആവശ്യപ്പെടുക്കുകയുണ്ടായി. എന്നാൽ, മതിയായ സെക്യൂരിറ്റി ഇല്ലെന്ന കാരണത്താൽ ലോകബാങ്ക് ഇന്ത്യയ്ക്ക് ലോൺ നിഷേധിച്ചു. ഇതോടെ, തങ്ങളുടെ കയ്യിൽ ഏറ്റവും മൂല്യമുള്ള ഒരു സാധനം ഉണ്ടെന്ന് പറഞ്ഞ് കെ.ജി.എഫ് ഈട് നൽകുകയാണുണ്ടായത്. കെ.ജി.എഫിന്റെ മൂല്യം തിരിച്ചറിഞ്ഞ ലോകബാങ്ക് ഇന്ത്യയ്ക്ക് ഒന്നും നോക്കാതെ ലോൺ അനുവദിക്കുകയും ചെയ്തു. പിന്നീട് ഭാരത് ഗോള്‍ഡ് മൈന്‍സ് എന്ന പൊതുമേഖലാ ഖനന കമ്പനി കെ.ജി.എഫിന്റെ പ്രവർത്തനം ഏറ്റെടുത്തു. പക്ഷെ, കെ.ജി.എഫിലെ ഖനികൾ 2001-ൽ അടച്ചുപൂട്ടി. തലമുറകളായി ഇവിടെ തൊഴിൽ ചെയ്ത് വന്ന, കുടുംബങ്ങൾ ഇതോടെ വഴിയാധാരമായി. സ്വർണ്ണം ഉണ്ടായിരുന്നിട്ടും, സ്വർണ്ണ വിലയിലുണ്ടായ ഇടിവും കുറഞ്ഞുവന്നിരുന്ന ധാതുനിക്ഷേപവും കാരണമാണ് 2001 ഫെബ്രുവരി 28-ന് ഖനി അടച്ചത്.
ബെംഗളൂരു – ചെന്നൈ റെയിൽ പാതയിൽ നിന്നും കെ.ജി.എഫിലേക്ക് ഒരു റെയിൽപ്പാത ഇപ്പോഴുമുണ്ട്. കെ.ജി.എഫ് നിവാസികൾ ജോലിക്കും മറ്റും ബെംഗളുരുവിലേക്ക് പോകുവാൻ ആശ്രയിക്കുന്നത് ഈ മാർഗമാണ്. 140 ഓളം വര്‍ഷങ്ങൾ പഴക്കമുള്ള കോളർ സ്വർണ്ണ ഖനിയില്‍ ആയിരക്കണക്കിന് കോടി രൂപയുടെ സ്വർണ്ണം ഇന്നും അവശേഷിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഖനികളില്‍ അവശേഷിക്കുന്ന സ്വർണ്ണ നിക്ഷേപത്തിന്റെ കൃത്യമായ വിവരം ശേഖരിക്കാനായി മിനറര്‍ എക്സ്പ്ലോറേഷന്‍ കോര്പറേഷന് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി കര്‍ണാടക, കേന്ദ്ര സര്‍ക്കാരുകള്‍ ഖനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്.കെ.ജി.എഫ് പഴയ പ്രതാപത്തോടെ വീണ്ടും പ്രവർത്തനമാരംഭിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ഇന്നുമുണ്ട്.
കെ.ജി.എഫിലെ ശ്രദ്ധേയമായ സുവർണ്ണ ഭൂതകാലത്തെക്കുറിച്ച് ഓർക്കുമ്പോൾ ആളുകൾക്ക് ഇപ്പോഴും വലിയ അഭിമാനമുണ്ട്. ഭാവിയിൽ കെ.ജി.എഫ് വീണ്ടും തലയുയർത്തി നിൽക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. കാരണം, അസമത്വത്തിന്റെ ഇടുക്കിൽ നിന്നും ഒരുനാൾ കരകയറിയപ്പോൾ, അവർക്ക് ലഭിച്ചത് സ്വപ്നം പോലും കാണാൻ കഴിയാത്ത സൗകര്യങ്ങളായിരുന്നു. അവ, പെട്ടന്നൊരുനാൾ കൈപ്പിടിയിൽ നിന്നും വഴുതി പോയതിന്റെ ദുഃഖവും നിരാശയും അവർക്കിപ്പോഴുമുണ്ട്. ആ സുവർണ്ണ കാലഘട്ടം വീണ്ടും തിരിച്ചെത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നതിൽ എന്താണ് തെറ്റ്?
Post Your Comments