തിരുവനന്തപുരം: കെ സ്വിഫ്റ്റ് ഇടിച്ച് യുവാവ് മരണപ്പെട്ടു. തൃശൂര്‍ കുന്നംകുളത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. അതിവേഗത്തിൽ എത്തിയ ബസ്സ് പരസ്വാമിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഫ്ലാഗ് ഓഫ് ചെയ്തത് മുതൽ ധാരാളം അപകടങ്ങളാണ് കെ സ്വിഫ്റ്റ് സൃഷ്ട്ടിക്കുന്നത്. ഇരുപത്തിനാലുമണിക്കൂറിനിടെ സ്വിഫ്റ്റ് ബസ്സ് രണ്ട് അപകടങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. ആദ്യത്തെ അപകടം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുവച്ചായിരുന്നു. പിറ്റേദിവസം രാവിലെ പത്തരയോടെ കോട്ടയ്ക്കലില്‍ വച്ചായിരുന്നു രണ്ടാമത്തെ അപകടം. മൂന്നാമത്തെ അപകടവും കോട്ടയ്ക്കലില്‍ തന്നെയായിരുന്നു. മൂന്ന് അപകടത്തിലും ബസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു.
തുടരെ തുടരെ അപകടങ്ങൾ രൂപപ്പെട്ടതോടെ സർവ്വീസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് അപകടങ്ങളും ഉണ്ടായതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന അധികൃതരുടെ വിലയിരുത്തലിനെ തുടര്‍ന്ന് രണ്ട് ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി ആന്റണി രാജു, നടന്ന അപകടങ്ങളെല്ലാം ചെറുതാണെന്നും മാധ്യമങ്ങൾ ഊതി വീർപ്പിക്കുന്നതാണെന്നും വിമർശിച്ചിരുന്നു.
Post Your Comments