ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട് നിര്‍മാണത്തിനുള്ള മുന്‍കൂര്‍ വായ്പയില്‍ പലിശയ്ക്ക് ഇളവ് പ്രഖ്യാപിച്ചു. ഇതോടെ, ജീവനക്കാര്‍ക്ക് 2023 മാര്‍ച്ച് വരെ 7.10% പലിശ നിരക്കില്‍ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് പ്രയോജനപ്പെടുത്താം. ഭവന നിര്‍മാണ വായ്പയുടെ പലിശ നിരക്ക് 7.9 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. 2022 ഏപ്രില്‍ ഒന്നിന് ഭവന, നഗരകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എന്താണ് എച്ച്ബിഎ
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട് പണിയാന്‍ മുന്‍കൂര്‍ വായ്പ നല്‍കുന്ന പദ്ധതിയാണിത്. ഇതില്‍, ജീവനക്കാരന് സ്വന്തമായി അല്ലെങ്കില്‍ ഭാര്യയുടെ സ്ഥലത്ത് വീട് പണിയുന്നതിന് വായ്പ എടുക്കാം. ഈ സ്‌കീം 2020 ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിച്ചു, ഇതിന് കീഴില്‍, 2022 മാര്‍ച്ച് 31 വരെ, കേന്ദ്രസര്‍ക്കാര്‍ അതിന്റെ ജീവനക്കാര്‍ക്ക് 7.9% പലിശ നിരക്കില്‍ വീട് നിര്‍മാണ വായ്പ നല്‍കിയിരുന്നു. ഇതിന്റെ പലിശ നിരക്കാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.
ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശയും ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് ചട്ടങ്ങളും അനുസരിച്ച്, ഒരു കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന് വായ്പയെടുക്കാവുന്ന ആകെ അഡ്വാന്‍സ്, 34 മാസത്തെ അടിസ്ഥാന ശമ്പളം അല്ലെങ്കില്‍ 25 ലക്ഷം രൂപയോ, വീടിന്റെ ചിലവ് അനുസരിച്ചുള്ള തുകയോ ആണ്.
Post Your Comments