Latest NewsKerala

കർഷകരെ ജീവനൊടുക്കുക എന്ന ഏകവഴിയിലെത്തിച്ചത് സംസ്ഥാന സർക്കാർ : കുമ്മനം രാജശേഖരൻ

പത്തനംതിട്ട: തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. നിരണത്ത് കൃഷി നാശം മൂലം കടക്കെണിയിലായി ആത്മഹത്യ ചെയ്ത കർഷകൻ രാജീവന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഉത്തരവാദി സംസ്ഥാന സർക്കാരാണ്. നിരന്തരമായ കർഷക ദ്രോഹത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് നിരണം സ്വദേശിയായ രാജീവൻ.

താങ്ങാനാവാത്ത കടഭാരവും അധികൃതരുടെ കടുത്ത ദ്രോഹവും തന്മൂലമുണ്ടായ നൈരാശ്യവും കൃഷിനാശവും രാജീവനെ മാനസികമായി തളർത്തി. ഒരിക്കലും രക്ഷപ്പെടാനാവില്ലെന്ന നിഗമനമാണ് ആത്മഹത്യയിൽ എത്തിച്ചത്. വെള്ളപ്പൊക്കവും വെള്ളക്കെട്ടും മഴയും മൂലം വൻകെടുതികളെ അഭിമുഖീകരിക്കേണ്ടിവന്ന കർഷകനെ ആശ്വസിപ്പിക്കാനോ സഹായിക്കാനോ സംസ്ഥാന സർക്കാർ ശ്രമിച്ചില്ല. പകരം, അവകാശപ്പെട്ട ആനുകൂല്യങ്ങളും സഹായങ്ങളും നൽകാതെ ദുരിതത്തിന്റെ നടുക്കയത്തിലേക്ക് തള്ളിയിട്ടു. ജീവനൊടുക്കുക മാത്രമേ വഴിയുള്ളൂവെന്ന അവസ്ഥയിൽ എത്തിച്ചു.

കുട്ടനാടൻ പാടശേഖരങ്ങളിലെ കർഷകരെല്ലാം വലിയ പ്രതിസന്ധിയിലാണ്. കാൻസർ പോലുള്ള മാരക രോഗങ്ങളുടെ ഭീതിദമായ സാഹചര്യം ഒരു വശത്ത്. തങ്ങളുടെ ഏക ആശ്രയമായ കൃഷി നശിച്ചുപോകുന്നതുമൂലം മറുവശത്തു ജീവിതം വഴിമുട്ടി നിൽക്കുന്നു. 2018 ലെ പ്രളയത്തെ തുടർന്ന്, തോടുകളിൽ വന്നടിഞ്ഞ എക്കലും ചേറും ചെളിയും ഇതുവരെ നീക്കം ചെയ്തിട്ടില്ല. തന്മൂലം, വിളഞ്ഞുകിടക്കുന്ന പാടശേഖരങ്ങൾ വേനൽമഴയിൽ പെയ്ത വെള്ളംകൊണ്ട് നിറഞ്ഞു. തോട്ടപ്പള്ളി സ്പിൽ വേ വഴി ഓരുവെള്ളം കയറുന്നു. ബണ്ടും വരമ്പും കുത്തി ഉപയോഗയോഗ്യമാക്കുന്നില്ല.

രണ്ടാം കൃഷിയുടെ ഇൻഷുറൻസ് തുക ഇനിയും ലഭിച്ചിട്ടില്ല. വിത്തിലെ കൃത്രിമം മൂലം നെല്ലിനിടയിൽ കളയും വരിനെല്ലും കൂടി. ബജറ്റിൽ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ്‌ നടപ്പിലാക്കിയിട്ടില്ല. ആദ്യ പാക്കേജിൽ ചിലവഴിച്ച
ആയിരം കോടി രൂപ പാഴായി. അഴിമതിയുടെയും തട്ടിപ്പിന്റെയും കഥകൾ മാത്രമേ കേൾക്കാനുള്ളു. സർക്കാർ വക കൊയ്ത്തുയന്ത്രങ്ങളും മറ്റ് കാർഷിക ഉപകരണങ്ങളും ഉപയോഗശൂന്യമായി. അതുകൊണ്ട് ഇവയെല്ലാം തമിഴ് നാട്ടിൽ നിന്നും കൊണ്ടുവരേണ്ടി വന്നു. രണ്ട് ദിവസം പണിമുടക്കും കൂടെ വന്നപ്പോൾ വൻതുക വാടകയിനത്തിലും കൃഷിനാശത്തിലും പാഴായി.

ഈ പ്രതികൂല സാഹചര്യങ്ങളാണ്, കർഷകരെ ആത്മഹത്യ പോലുള്ള സാഹസിക നടപടികൾക്ക് പ്രേരിപ്പിക്കുന്നത്. കാർഷിക വികസനത്തിന് കേന്ദ്രം കേരള സർക്കാരിന് നൽകിയ കോടികൾ കർഷകരിൽ എത്തുന്നില്ല. ഫസൽ, ഭീമ യോജന തുടങ്ങിയ സഹായ പദ്ധതികൾ നടപ്പാക്കാൻ കേരള സർക്കാർ തയ്യാറല്ല. അതേസമയം സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് തുക നൽകുന്നുമില്ല.

രാജീവന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ഒരു കർഷക കുടുംബത്തിന്റെ ശരാശരി കടം രണ്ടര ലക്ഷം രൂപയാണ്. അതേസമയം ദേശീയ ശരാശരി എഴുപത്തിനാലായിരം രൂപയാണ്. കേരളത്തിലെ കർഷകരിൽ 70 ശതമാനത്തിനും കടബാധ്യതയുണ്ട്. ദേശീയ തലത്തിൽ 50 ശതമാനം കർഷകർക്കേ കടബാധ്യത ഉള്ളൂ എന്ന് ഈ വർഷത്തെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ റിപ്പോർട്ടുകൾ പറയുന്നു.

കാർഷിക രംഗത്തോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയും നിഷേധാത്മക നയവും മൂലം അനുഭവിക്കുന്ന കെടുതികൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ പോയി കർഷക സമരം നടത്തി പ്രഹസനം കാട്ടുന്ന സിപിഎം നേതാക്കൾ രാജീവന്റെ കുടുംബത്തോട് മാപ്പുപറയണം. തന്റേതല്ലാത്ത കാരണം കൊണ്ട് കെടുതികൾ അനുഭവിക്കേണ്ടി വന്ന രാജീവന്റെ കുടുംബത്തെ രക്ഷിക്കാൻ സർക്കാർ രംഗത്ത് വരണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button