Latest NewsNews

ഞാന്‍ ഞെട്ടിപ്പോയി, ഞങ്ങള്‍ വിവാഹിതരായിട്ട് ഒരു വര്‍ഷമായിട്ടില്ല: രോഗിയായ തന്നെ ഉപേക്ഷിച്ച ഭാര്യയെ കുറിച്ച്‌ യുവാവ്

ഒരു വര്‍ഷത്തിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു വീട്ടുകാര്‍ തീരുമാനിച്ചത്.

രോഗം വരുന്നത് ഒരു കുറ്റമല്ല. എന്നാൽ രോഗാവസ്ഥയിൽ പ്രിയപ്പെട്ടവർ ഉപേക്ഷിച്ചാലോ? അതിന്റെ വേദന തുറന്നു പറയുന്ന യുവാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. രോഗം വന്ന് തളര്‍ന്ന് പോയ സമയത്ത് കൂടെ കൂട്ടായി നില്‍ക്കേണ്ടിയിരുന്ന ഭാര്യ, വിവാഹമോചനം ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് ഹ്യുമന്‍ ഓഫ് ബോംബെയുടെ പേജിലാണ് യുവാവ് പങ്കുവച്ചത്.

ജീവിതത്തിലെ വളരെ ബുദ്ധിമുട്ടേറിയ സമയത്താണ് ‘സ്വന്തബന്ധങ്ങളെ’ നാം തിരിച്ചറിയുക. അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഭാര്യ തന്നെ ഉപേക്ഷിച്ചുപോകുകയായിരുന്നുവെന്ന് യുവാവ് കുറിപ്പിൽ പറയുന്നു.

read also: മുക്കുവ കുടിലില്‍ നിന്നും വന്ന കെ.വി തോമസ് ഇന്ന് പണക്കാരനാണ്, ആസ്തി എത്രയാണെന്ന് പരിശോധിക്കണം : കെ.സുധാകരന്‍

കുറിപ്പിന്റെ പൂര്‍ണരൂപം

വീട്ടുകാര്‍ വഴിയാണ് ഞാന്‍ അവളെ കണ്ടുമുട്ടിയത്. അവള്‍ സുന്ദരിയും മിടുക്കിയുമായിരുന്നു. ഞങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പരസ്പരം കൈമാറി. ഞങ്ങള്‍ പ്രണയത്തിലായി. ഒരു വര്‍ഷത്തിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു വീട്ടുകാര്‍ തീരുമാനിച്ചത്. പക്ഷേ, അവള്‍ക്ക് ഉടന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ, മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വിവാഹിതരായി. എല്ലാം സുഖകരമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍, പെട്ടെന്ന് എനിക്കൊരു അസുഖം വന്നു. എണ്ണമറ്റ ടെസ്റ്റുകള്‍ക്കും സ്‌കാനിങ്ങുകള്‍ക്കും ഒടുവില്‍, എനിക്ക് മൂന്നാം ഘട്ട കാന്‍സര്‍ ആണെന്ന് അറിഞ്ഞു.

ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ വിവാഹിതരായിട്ട് ഒരു വര്‍ഷമായിട്ടില്ല. ഡോക്ടറുടെ മുറിക്ക് മുന്നില്‍ തകര്‍ന്നിരുന്ന എന്നെ അവള്‍ കെട്ടിപ്പിടിച്ച്‌ പറഞ്ഞു, ‘നിങ്ങള്‍ അതിനെ തോല്‍പ്പിക്കും!’. പിന്നീട് ഞങ്ങള്‍ എന്റെ അച്ഛനമ്മമാര്‍ക്കൊപ്പം താമസമാക്കി. എന്റെ ചികില്‍സ തുടങ്ങി. അവള്‍ എനിക്കൊപ്പം പാറ പോലെ നിന്നു. എന്റെ മജ്ജ മാറ്റിവയ്ക്കല്‍ സമയത്ത് അവള്‍ എന്റെ കൈ പിടിച്ചു, ഞാന്‍ തകര്‍ന്നുവെന്ന് തോന്നിയപ്പോഴൊക്കെ അവള്‍ എന്നെ ചേര്‍ത്തുപിടിച്ചു. അവള്‍ എനിക്ക് പ്രതീക്ഷ നല്‍കി.

എന്നാല്‍, പതുക്കെ അവള്‍ എന്നില്‍ നിന്നും അകന്നു. എന്റെ കൂടെ കിടക്കാന്‍ അവള്‍ മടിച്ചു. നിസാര കാര്യങ്ങളെച്ചൊല്ലി വഴക്കടിച്ചു. ഞങ്ങള്‍ രണ്ടുപേരും ബുദ്ധിമുട്ടിലായിരുന്നു, അതിനാല്‍ അവള്‍ മാതാപിതാക്കളെ കാണാന്‍ പോയപ്പോള്‍ ഞാന്‍ സന്തോഷിച്ചു. അവള്‍ കുറച്ച്‌ നാള്‍ സമാധാനത്തോടെ ഇരിക്കട്ടെ എന്ന് ഞാന്‍ കരുതി. എന്നാല്‍, താമസിയാതെ എന്റെ ആരോഗ്യം വഷളാവുകയും എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഞാന്‍ അവളെ വല്ലാതെ മിസ് ചെയ്തു. എന്റെ ആദ്യത്തെ കീമോ സെഷന് ഒരു ദിവസം മുമ്ബ്, ഞാന്‍ അവള്‍ക്ക് മെസ്സേജ് അയച്ചു, ‘എപ്പോഴാണ് തിരികെ വരുന്നത്?’ അവള്‍ മറുപടി പറഞ്ഞു, ‘എനിക്ക് ഇനി നിങ്ങളോടൊപ്പം ജീവിക്കാന്‍ കഴിയില്ല.’ ഞാന്‍ അവളെ സമാധാനിപ്പിച്ചു, ‘ഞാന്‍ സുഖം പ്രാപിക്കും!’ പക്ഷെ അവളുടെ മറുപടി എന്നെ ഞെട്ടിച്ചു. ‘അസുഖമുള്ള ഒരാളുമായി ജീവിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് ആണ്. ഞാന്‍ വളരെ ചെറുപ്പമാണ്’ എന്നായിരുന്നു അവള്‍ പറഞ്ഞത്.

ഞാന്‍ തകര്‍ന്നുപോയി. കീമോ വേദനാജനകമായിരുന്നു, പക്ഷേ അവളുടെ വാക്കുകള്‍ എന്നെ കൂടുതല്‍ വേദനിപ്പിച്ചു. അതിനുശേഷം, അവള്‍ എന്റെ കോളുകള്‍ക്ക് മറുപടി തരാതെ ആയി. ആഴ്ചകളോളം ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തി, ‘എനിക്ക് കാന്‍സര്‍ ഇല്ലായിരുന്നെങ്കില്‍, ഞങ്ങള്‍ ഇപ്പോഴും ഒരുമിച്ചായിരിക്കും,’ ഞാന്‍ വിചാരിച്ചു. അവള്‍ നിന്നെ അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് അമ്മ ആശ്വസിപ്പിക്കും. അപ്പോഴൊക്കെ ഞാന്‍ നിഷേധിച്ചു. അവള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച്‌ ഞാന്‍ രാവും പകലും കരഞ്ഞു. എന്റെ ചികിത്സയില്‍ എനിക്ക് താല്‍പര്യം നഷ്ടപ്പെട്ടു. എന്റെ രണ്ടാമത്തെ കീമോ സെഷനുശേഷം, ആശുപത്രിയില്‍ പോകാന്‍ ഞാന്‍ വിസമ്മതിച്ചു, ഒരു മാസത്തിനുശേഷം, അവള്‍ എന്റെ അച്ഛനെ വിളിച്ച്‌ പരസ്പര വിവാഹമോചനം ആവശ്യപ്പെട്ടു. അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത് എല്ലാം അവസാനിച്ചെന്ന്.

ഞാന്‍ മരവിച്ചു പോയി. ഏകാന്തനായി. പക്ഷേ, എന്റെ ഡോക്ടര്‍ എന്നെ പ്രചോദിപ്പിച്ചു. ആശുപത്രിയില്‍, അര്‍ദ്ധരാത്രിയില്‍ വേദനയോടെ കരഞ്ഞുകൊണ്ട് ഞാന്‍ ഉണരുമ്‌ബോള്‍, ഡോക്ടര്‍ എന്നെ ആശ്വസിപ്പിക്കും. ഒടുവില്‍, ആറ് മാസവും 15 കീമോ സെഷനുകളും കഴിഞ്ഞ്, ഞാന്‍ കാന്‍സര്‍ രഹിതമായി പുറത്തിറങ്ങി. എനിക്ക് കാന്‍സര്‍ ഭേദമായി. എന്റെ ശരീരത്തിലെ വേദനകള്‍ മാറി. പിന്നീട്, അവളില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. എനിക്ക് എങ്ങനെയുണ്ടെന്ന് അവള്‍ പിന്നീടൊരിക്കലും ചോദിച്ചിട്ടില്ല. എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരാള്‍ വരുമെന്നാണ് അമ്മ പറയുന്നത്. അവളോടൊത്തുള്ള നിമിഷങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. ആത്മാര്‍ഥമായി നിങ്ങളെ സ്‌നേഹിക്കുന്ന ഒരാള്‍ ബുദ്ധിമുട്ട് വരുന്ന സമയത്ത് വിട്ടുപോകില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതൊര്‍ത്താണ് ഞാന്‍ സമാധാനിക്കുന്നത്. സ്‌നേഹം വീണ്ടും കണ്ടെത്താമെന്ന് പ്രതീക്ഷയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button