കൊച്ചി: ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത് 2.2 കോടിയോളം വരുന്ന ലങ്കൻ ജനങ്ങളെ പട്ടിണിയിലാക്കാൻ സാധ്യതയുണ്ട്. ഭക്ഷ്യ, ഇന്ധന ദൗർലഭ്യം അതിന്റെ പാരമ്യതയിലാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവും. ഇത് ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കുമെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. 1948ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. കൂടുതൽ വെല്ലുവിളി നേരിടാനിരിക്കുന്നതേയുള്ളൂ എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
രാജ്യത്ത് ജനകീയപ്രക്ഷോഭം ആളിക്കത്തുകയാണ്. അടിച്ചമർത്തലുകളെ വെല്ലുവിളിച്ച് ലങ്കയിൽ ജനകീയ പ്രക്ഷോഭം ആഞ്ഞടിക്കുന്നു. പ്രക്ഷോഭകരെ നേരിടാൻ സുരക്ഷാസേന, കണ്ണീർവാതകവും ജലപീരങ്കിയും റബർ വെടിയുണ്ടകളും പ്രയോഗിക്കുന്നു. നൂറോളം ആളുകളെ ഇതിനോടകം അറസ്റ്റ് ചെയ്തു. രാത്രിയും പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്ത്, പ്രധാന പട്ടണങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയും വർഷങ്ങളായുള്ള കടമെടുപ്പും അനാവശ്യ നികുതിയിളവും ലങ്കയിലെ പ്രതിസന്ധി രൂക്ഷമാക്കി. ശ്രീലങ്കയുടെ 5100 കോടി ഡോളറിന്റെ (ഏകദേശം 3,87,198 കോടി രൂപ ) കടം സംബന്ധിച്ച് റേറ്റിങ് ഏജൻസികൾ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. പട്ടിണി ഭയന്ന് ജനങ്ങൾ പലായനം ചെയ്ത് തുടങ്ങി.
Also Read:രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ
ശ്രീലങ്കയിലേക്ക് ആധിയോടെ നോക്കുന്നവർ, കേരളത്തെ കണ്ടില്ലെന്ന് നടിക്കരുത്. ഇന്നത്തെ കേരളം, നാളത്തെ ശ്രീലങ്ക എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലങ്കയുടെ ഇപ്പോഴത്തെ അവസ്ഥയോർത്ത് ഖേദിക്കുന്ന കേരളത്തിന്, ഇതൊരു പാഠമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നതിന്റെ കാരണമെന്ത്? തുറമുഖവും കെട്ടിടങ്ങളുമൊക്കെ നിർമ്മിച്ചു നൽകി ശ്രീലങ്കയെ ചൈന അവരുടെ കോളനിയാക്കി മാറ്റി. ചൈനയുടെ മുൻപിൽ അടിയറവ് പറയേണ്ടുന്ന അവസ്ഥയിലേക്ക് ലങ്കയെ കൊണ്ടുചെന്നെത്തിച്ചത്, അടിസ്ഥാന ആവശ്യങ്ങൾ മറന്ന്, കൂറ്റൻ വികസന പദ്ധതികൾക്ക് പിന്നാലെ പോയതാണ്. ഇതാണ് ലങ്ക, കേരളത്തിന് നൽകുന്ന പാഠം.
താങ്ങാനാകാത്ത വിദേശ ലോണുകളെടുത്തുള്ള വികസന പ്രവർത്തനം ആർക്കും ഗുണം ചെയ്യില്ലെന്ന പാഠമാണ് ലങ്ക നൽകുന്നത്. വിദേശലോണുകൾ വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി, കടക്കെണിയിലായ ശ്രീലങ്കയുടെ അനുഭവം കേരളത്തിന് ഒരു പാഠമാണെന്ന് ശ്രീലങ്കൻ ഗാന്ധി എടി ആര്യ രത്‌നെയെ പോലുള്ളവർ ചൂണ്ടിക്കാട്ടുമ്പോൾ, സംസ്ഥാന സർക്കാർ അതിലെ വസ്തുതകളെ കണ്ടില്ലെന്ന് നടിക്കരുതെന്ന മുന്നറിയിപ്പുയരുന്നു. ലങ്ക ഇത്രയധികം പ്രതിസന്ധിക്ക് നടുവിൽ നട്ടം തിരിയുമ്പോൾ, അതിൽ നിന്നും പാഠമുൾക്കൊണ്ട് മുന്നോട്ട് പോകേണ്ട കേരളം പക്ഷെ, സിൽവർലൈൻ പദ്ധതിയുടെ പിന്നാലെ തന്നെയാണിപ്പോഴും. സിൽവർലൈൻ പദ്ധതി കേരളം നടപ്പാക്കിയാൽ സംസ്ഥാനത്തിന്റെ അവസ്ഥ ശ്രീലങ്കയുടേതിന് സമാനമാകുമെന്ന വിമർശനങ്ങൾക്ക് കാരണം പലതാണ്.
Also Read:ബെന്‍ സ്റ്റോക്‌സിന് വീണ്ടും പരിക്ക്: കൗണ്ടി ചാമ്പ്യന്‍ഷിപ്പ് നഷ്ടമാകും
കേരളവും ശ്രീലങ്കയും തമ്മിൽ ഒരുപാട് കാര്യങ്ങളിൽ സമാനതകളുണ്ട്. ശ്രീലങ്ക അതിന്റെ സാമ്പത്തികത്തിനായി ആശ്രയിക്കുന്നത് ടൂറിസം, തേയില എന്നിവയെ ആണ്. ലങ്കയ്ക്ക് സ്വന്തമായി എന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കിൽ, അത് ഈ രണ്ട് മേഖലകളിൽ നിന്നാണ്. കോവിഡ് വന്നതിനു ശേഷം ടൂറിസം മേഖല ക്ഷയിച്ചിരിക്കുകയാണ്. വിദേശികളായ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. മറ്റ് വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ സ്വദേശികൾ അയക്കുന്ന പണവും ലങ്കയുടെ സാമ്പത്തിക സ്രോതസ്സുകളിൽ ഒന്നായിരുന്നു. എന്നാൽ, കോവിഡിനെ തുടർന്ന് ഇതിനും കാര്യമായ മാറ്റമുണ്ടായി. വിദേശപണം, ടൂറിസം, തേയില ഇത് മൂന്നും ആണ് ലങ്കയുടെ പ്രധാന സാമ്പത്തിക സോഴ്സ്. കേരളത്തിലും ഇവയ്ക്ക് മൂന്നിനും ഇതേ പ്രാധാന്യം തന്നെയാണുള്ളത്,
സാമ്പത്തിക സ്രോതസ്സിനെ കൂടാതെ, കാലാവസ്ഥ, സീനറി, ബീച്ച് തുടങ്ങിയവയിലും കേരളത്തിനും ശ്രീലങ്കയ്ക്കും സാമ്യതകളേറെയുണ്ട്. ലങ്കയെ പോലെ തന്നെ കേരളവും അതിന്റെ സാമ്പത്തിക സ്രോതസ്സായി നോക്കി കാണുന്നത് വിദേശപണം, ടൂറിസം, തേയില എന്നിവയെ തന്നെ ആണ്. റബ്ബർ, കപ്പ, തേയില എന്നിവ കൃഷി ചെയ്യുന്നതിലൂടെ വലിയൊരു ശതമാനം സാമ്പത്തികം കേരളത്തിന് സ്വന്തമായുണ്ട്. ഫാൾഫ് മലയാളികൾ അയക്കുന്ന പണവും ഇതിൽ പ്രധാനമാണ്. ലങ്കയും കേരളവും തമ്മിലുള്ള ഈ സമാനതകൾ കാണുമ്പോൾ, ശ്രീലങ്കയുടെ ഇന്നത്തെ അവസ്ഥ യിലേക്ക്, ഭാവിയിൽ കേരളവും എത്തുമോയെന്ന ആശങ്ക പലർക്കുമുണ്ട്.
Also Read:അതൊരു അവിശ്വസനീയ പ്രകടനം: കമ്മിന്‍സിനെ പ്രശംസിച്ച് രവി ശാസ്‌ത്രി
എന്നാൽ, ഇത്തരം ആശങ്കകളെ മുൻ ധനമന്ത്രി തോമസ് ഐസക് തള്ളിക്കളഞ്ഞിരുന്നു. ശ്രീലങ്കയിലേത് വിദേശനാണയ പ്രതിസന്ധിയാണെന്നും ഇന്ത്യയെന്ന പരമാധികാര രാജ്യത്തിലെ ഒരു സംസ്ഥാനം മാത്രമായ കേരളത്തിൽ അത്തരമൊരു പ്രതിസന്ധി ഉണ്ടാകുകയില്ലെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ലങ്കയുടെ അവസ്ഥ കണ്ട്, കേരളത്തിലെ വായ്പാ നയത്തിന്റെ മേൽ കുതിര കയറുന്നതിന് അർത്ഥമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സംസ്ഥാനത്തിന് മാത്രമായി വിദേശനാണയ പ്രതിസന്ധി ഉണ്ടാവില്ല എന്നതാണ് തോമസ് ഐസക്കിന്റെ ഈ ആത്മവിശ്വാസത്തിന്റെ കാരണം.
ലങ്കയ്ക്ക് സംഭവിച്ചത് കേരളത്തിൽ സംഭവിക്കില്ലെന്ന് ആവർത്തിച്ച തോമസ് ഐസക്ക് പക്ഷെ, ഇന്ത്യയുടെ കാര്യത്തിൽ ഈ ഉറപ്പ് പറയുന്നില്ല. ഇന്ത്യയിൽ ശ്രീലങ്ക ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ശ്രീലങ്കയിലെപ്പോലെ ഏതെങ്കിലും കാരണവശാൽ നമ്മളോട് അപ്രീതി തോന്നി വിദേശമൂലധനം പിൻവലിയാൻ തീരുമാനിച്ചാൽ, കാറ്റുപോയ ബലൂൺ പോലെ വിദേശനാണയശേഖരം അപ്രത്യക്ഷമാകാൻ അധികനാൾ വേണ്ടിവരില്ല എന്നദ്ദേഹം പറയുന്നു. ഇന്ത്യയും നിയോലിബറലിസത്തിന്റെ പുലിപ്പുറത്താണ് എന്നാണ് തോമസ് ഐസക്കിന്റെ നിരീക്ഷണം.
Post Your Comments