തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി ഇന്നലെ മരണപ്പെട്ടിരുന്നു. വാർധക്യ സഹജമായ അസുഖം മൂലമായിരുന്നു മരണം. ഇന്ദ്രൻസിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ള ആളാണ് മാതാവ്. ഇന്ദ്രൻസ് പലപ്പോഴും ഇത് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഷിബു ഗോപാലകൃഷ്ണൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ആലഭാരങ്ങളും ആഢംബരങ്ങളും അഴിച്ചുവച്ചു ഇത്രമേൽ നിസാരനായി ഈ മനുഷ്യൻ ഇരിക്കുന്നതു കാണുമ്പോൾ ഉള്ളിലെ സൂര്യകിരീടങ്ങളെല്ലാം വീണുടയുന്നുണ്ട്. അയാൾ അഭിനയിക്കുകയല്ല, ആരോടും കൂറ് പ്രഖ്യാപിക്കുകയല്ല, അജണ്ടകളെ ഒളിച്ചു കടത്തുകയല്ല, തയ്യൽ മെഷീനു മുന്നിൽ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യൻ ഞാൻ ആരാണ് എന്നു ആത്മാവിൽ തൊട്ടു അടയാളപ്പെടുത്തുകയാണ്. അയാളുടെ ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ ഒരു വേഷത്തെ അത്രമേൽ സ്നേഹത്തോടെ ജീവിച്ചു കാണിച്ചുതരികയാണ്.
അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യൽമെഷീൻ വച്ചാണ് സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസ് തയ്യൽക്കട ആരംഭിക്കുന്നത്. തൂവാനത്തുമ്പികൾക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോഴാണ് പദ്മരാജനോട് ടൈറ്റിൽസിൽ ഇന്ദ്രൻസ് എന്നു ചേർത്തോട്ടെ എന്നുചോദിക്കുന്നത്. അതോടെ അയാളും ഇന്ദ്രൻസായി. പിന്നെ കൊടക്കമ്പിയായി, നെത്തോലിയായി, ഒരു മനുഷ്യ ശരീരത്തിനു താങ്ങാൻ കഴിയുന്നതിനും അപ്പുറത്തെ അവഹേളനങ്ങളുടെ അവമതിപ്പുകളുടെ അതിക്രൂരമായ പൊട്ടിച്ചിരികളായി.
യൂണിഫോമിനു വകയില്ലാത്തതു കൊണ്ട്, നാലാം ക്ളാസിൽ പഠിപ്പു നിർത്തിയ, ഒരുപാടു താരങ്ങൾക്കു കോട്ടും സ്യൂട്ടും തയ്ച്ചുകൊടുത്ത അയാൾ, അയാൾക്കുവേണ്ടി ആദ്യമായി ഒരു കോട്ടും സ്യൂട്ടും തുന്നി ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിന്റെ ചുവന്ന പരവതാനി നടക്കാൻ പോയി. ഗൗരവമേറിയ സീനുകൾ വരുമ്പോൾ സീനിന്റെ മുറുക്കം നഷ്ടപ്പെടാതിരിക്കാൻ ഒരുപാടു സീനുകളിൽ നിന്നും ഒഴിവാക്കപ്പെട്ട അയാൾ, മികച്ച നടനുള്ള സംസ്ഥാന അവാർഡ് പിടിച്ചു പിടിച്ചുവാങ്ങുന്ന അഭിനയ സാന്ദ്രതയായി.
ഈ ലോകത്തൊരു എട്ടാമത്തെ അദ്ഭുതമുണ്ടെങ്കിൽ അതു തന്റെ ജീവിതമാണെന്നും, ഞാൻ ആരുമല്ലെന്നും, കാര്യമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും, പരിഭവങ്ങളില്ലാതെ അയാൾ പിന്നിലോട്ടു നീങ്ങിനിൽക്കുന്നു. എത്ര നിഷ്പ്രയാസമാണ് ഈ മനുഷ്യൻ നമ്മളുടെ ആത്മബോധങ്ങളുടെ നെറുകയിൽ ചുറ്റിക കൊണ്ടു ആഞ്ഞടിക്കുന്നത്.
ഇന്ദ്രൻസിന്റെ പിതാവ് കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒമ്പത് മക്കളിൽ മൂന്നാമനാണ് ഇന്ദ്രൻസ്. ശാന്തകുമാരിയാണ് ഇന്ദ്രൻസിന്റെ ഭാര്യ. മഹിത, മഹേന്ദ്രൻ എന്നിവർ മക്കളാണ്. അമ്മയുമായി ഏറെ ആത്മബന്ധമുള്ള നടനാണ് ഇന്ദ്രൻസ്. ഇന്ദ്രൻസിന്റെ ഓർമക്കുറിപ്പുകൾ പുസ്തകമായപ്പോൾ അത് സമർപ്പിച്ച് ഇന്ദ്രൻസ് കുറിച്ചത് ‘അമ്മയുടെ ഉള്ളുരുക്കങ്ങൾക്ക്’ എന്നായിരുന്നു. അമ്മ ചിട്ടിപിടിച്ചു വാങ്ങിയ തയ്യൽ മെഷിനിൽ നിന്നാണ് സുരേന്ദ്രൻ എന്ന ഇന്ദ്രൻസിന്റെ തുടക്കം സിനിമയിലേക്കുള്ള വഴി തുറന്നതും അങ്ങനെയാണ്.
അതേസമയം, ഇന്നലെ പുലർച്ചെ അന്തരിച്ച ഗോമതിയമ്മയ്ക്ക് ആദരാഞ്ജലികളുമായി നിരവധി പേരാണ് എത്തുന്നത്. ഇന്ദ്രൻസിൻ്റെ അച്ഛൻ കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിൻ്റെയും ഗോമതിയുടേയും ഒൻപത് മക്കളിൽ മൂന്നാമനായിട്ടായിരുന്നു സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസിൻ്റെ ജനനം.
Post Your Comments